കോഴിക്കോട്ട് പ്രവാസികള്‍ക്ക് കോവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി
കോഴിക്കോട്: പ്രവാസികള്‍ക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ തുടക്കമായി. ആദ്യ ദിനം 380 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി . ഒണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്കാണ് ക്യാമ്പില്‍ വാക്‌സിനേഷന്‍ ലഭിക്കുക. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് പതിനൊന്നിന് സമാപിക്കും.

അതേസമയം കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വാക്‌സിനേഷന്‍ രൂപരേഖ തയ്യാറാക്കി. മതിയായ സൗകര്യങ്ങളോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ തദ്ദേശ സ്വയംഭരണാസ്ഥാപനങ്ങള്‍ക്ക് ജില്ലാകലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിലെ ജീവനക്കാരെയോ ലഭ്യമായ ആശുപത്രി ജീവനക്കാരെയോ നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഹെല്‍ത്ത് ഓഫീസര്‍മാരുടെയോ മെഡിക്കല്‍ ഓഫീസര്‍മാരുടെയോ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കേണ്ടത്. ദിവസം തോറും ഇരുന്നൂറു പേര്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ നല്‍കാനാണ് നിര്‍ദ്ദേശം.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 200, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 300, ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 350, താലൂക്ക് ആശുപത്രികളില്‍ 500, ജില്ലാ ആശുപത്രികളില്‍ 750, ഗവ. ജനറല്‍ ആശുപത്രിയില്‍ 750, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1,000 വീതം 43,000 പേര്‍ക്കാണ് പ്രതിദിനം വാക്‌സിനേഷന്‍ നല്‍കുക.
Recommended Video
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്ത ആളുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാ പ്രായക്കാര്‍ക്കും എല്ലാദിവസവും വാക്‌സിനേഷന്‍ ലഭിക്കും. ആര്‍. സി.എച്ച് ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍വഹണ ചുമതല.












Click it and Unblock the Notifications