റാഷിഖ് കയറിയത് ഫറോക്കില്‍ നിന്ന്, അക്രമിക്ക് അഭിമുഖമിരുന്നു..പ്രതിയെ കുറിച്ച് സൂചന?
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരുടെ മേല്‍ തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി അനില്‍കാന്ത്. പ്രതിയെ ഉടന്‍ പിടികൂടാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഡിജിപി പറഞ്ഞു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും എന്നും ഡിജിപി പറഞ്ഞിട്ടുണ്ട്.
നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ആള്‍ ബൈക്കില്‍ കയറി പോകുന്നത് വ്യക്തമാണ്. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് അക്രമം നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇയാള്‍ കൈ കാണിക്കാതെ നിര്‍ത്തിയ ബൈക്കില്‍ ആണ് കയറിപോകുന്നത്. അതിനാല്‍ തന്നെ സംഭവം ആസൂത്രിതമാണ് എന്ന നിഗമനത്തില്‍ ആണ് പൊലീസ്. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

എലത്തൂരിലെ റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള ഒരു പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. അതിനിടെ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പുറത്ത് വിടും എന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പലരും നേരിട്ട് കണ്ടിരുന്നു. എന്നാല്‍ റാഷിഖ് എന്ന സഹയാത്രികന്‍ ആയിരുന്നു പ്രതിയുമായി ഏറെ നേരെ അഭിമുഖമായി ഇരുന്നത്.
അതിനാല്‍ തന്നെ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിയ റാഷിഖിന്റെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. മറ്റ് ദൃക്‌സാക്ഷികളേയും രേഖാചിത്രം കാണിക്കും. റാഷിഖ് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ അക്രമി ട്രെയിനില്‍ ഉണ്ടായിരുന്നു. അക്രമിക്ക് അഭിമുഖമായാണ് റാഷിഖ് ഇരുന്നിരുന്നത്. അതിനാല്‍ തന്നെ റാഷിഖില്‍ നിന്ന് ഏറ്റവും വ്യക്തമായ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയാണ് പൊലീസിന് ഉള്ളത്.
അതേസമയം സംഭവത്തില്‍ ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തിന് പിന്നിലെ മാവോയിസ്റ്റ് - തീവ്രവാദബന്ധവും അന്വേഷിക്കുന്നുണ്ട്. ഒരാളെ ലക്ഷ്യം വെച്ചുള്ള ആക്രമണമല്ലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതിനാല്‍ തന്നെ അട്ടിമറി സാധ്യത എന്നതിലേക്കാണ് പൊലീസ് പ്രാഥമികമായി എത്തുന്നത്.
തീവ്രവാദ വിരുദ്ധ സക്വാഡും എന്‍ ഐ എയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. അക്രമി ടിക്കറ്റ് എടുക്കാതെയാണ് കയറിയത്. അതിനാല്‍ തന്നെ ഏത് സ്റ്റേഷനില്‍ നിന്നാണ് അക്രമി കയറിയത് എന്ന് പരിശോധിക്കുന്നുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതിയുടേത് എന്ന് സംശയിക്കുന്ന ഒരു ബാഗ് റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇതില്‍ നിന്ന് പെട്രോള്‍ കുപ്പിയും നോട്ട് പാഡുകളും മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്. അതേസമയം സിസിടിവിയില്‍ പതിഞ്ഞ ആളുടെ കൈയിലും ബാഗ് കാണുന്നുണ്ട്. ദൃശ്യത്തില്‍ മൊബൈല്‍ ഫോണില്‍ ഇയാള്‍ സംസാരിക്കുന്നതും വ്യക്തമാണ്. ആക്രമണത്തിന് മറ്റാരുടേയൊക്കയോ സഹായം ലഭിച്ചിട്ടുണ്ട് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications