രോഗി മരിച്ച സംഭവം: ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ആശുപത്രി സൂപ്രണ്ടിന്റെ ഉടമസ്ഥതതയിലുള്ള ആംബുലന്‍സുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജില്ലയിലുള്ള ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണം.
രണ്ടു റിപ്പോര്‍ട്ടുകളും സെപ്റ്റംബര്‍ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലുള്ള അനധിക്യത പാര്‍ക്കിംഗ് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യാനുസരണം പാര്‍ക്കിംഗ് സൗകര്യം നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നടപ്പാതകളിലെ ഇരുചക്രവാഹന പാര്‍ക്കിങ്ങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതിന് മുമ്പ് സിറ്റി പോലീസ് കമ്മീഷണറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.












Click it and Unblock the Notifications