'തോറ്റാൽ ജീവിക്കാൻ അനുവദിക്കില്ല, ജീവൻ വേണോ തടി വേണോ എന്നോർത്തോ..'; വിമതർക്ക് സുധാകരന്റെ ഭീഷണി
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമതരെ ഭീഷണിപ്പെടുത്തിയ കെ സുധാകരന്റെ പ്രസംഗം വിവാദമാവുന്നു. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേയാണ് കെപിസിസി അധ്യക്ഷൻ വിമതർക്ക് എതിരെ കൊലവിളി പ്രസംഗം നടത്തിയത്. പാർട്ടി തോറ്റാൽ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉൾപ്പെടെ സുധാകരൻ പറയുന്നുണ്ട്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വന്നതോടെ വലിയ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. എവിടെ നിന്നാണ് ശൂലം വരിക എന്ന് പറയാൻ കഴിയില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓർത്തോളണമെന്നും സുധാകരൻ പ്രസംഗത്തിൽ പറയുന്നത് കേൾക്കാം. ഇതേ സമയം വേദിയിൽ ഇരിക്കുന്നവർ ചിലർ കൈയടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

'ഈ ബാങ്ക് പതിച്ചുകൊടുക്കാൻ ശ്രമിക്കുന്ന ചിലരുണ്ടല്ലോ, അവർ അറിയാനാണ് പറയുന്നത്. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ല. അതിപ്പോൾ ശൂലം എവിടെ നിന്നാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. ഏത് എവിടെ നിന്നും വരാം. അതുകൊണ്ട് തടി വേണോ ജീവൻ വേണോ എന്ന് ഓർത്തോളൂ' സുധാകരൻ പറഞ്ഞു.
'ഈ പ്രശ്‌നത്തിന്റെ പേരിൽ ഞങ്ങളുടെ പ്രവർത്തകൻമാരെ തൊടാൻ ശ്രമിച്ചാൽ അതിന് തിരിച്ചടിക്കും. സഹകരണ ബാങ്ക് എന്ന് പറയുന്നത് ജീവിക്കാനുള്ള മാർഗമാക്കി മാറ്റുകയാണ് ചിലർ. പാർട്ടിക്ക് വേണ്ടി കഷ്‌ടപ്പെടുന്നവർക്ക് ജോലി കൊടുക്കാതെ ഇടതുപക്ഷക്കാരനും ബിജെപിക്കാരും ജോലി കൊടുക്കുകയാണ് ചിലർ.' സുധാകരൻ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ സഹകരണ ബാങ്കുകൾ പിടിച്ചെടുത്തത് പോലെ എതിർക്കേണ്ടിടത്ത് എതിർക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ചിലയിടത്ത് ഗാന്ധിസം മാത്രം പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്നും സുധാകരൻ സൂചിപ്പിച്ചു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കിയ വിഷയമാണ് ചേവായൂർ സഹകരണ ബാങ്കിലെ വിമതനീക്കവും പ്രശ്‌നങ്ങളും. കഴിഞ്ഞ കുറേ വർഷങ്ങളായി കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. എന്നാൽ നിലവിൽ ഭരണസമിതിയും പാർട്ടി നേതൃത്വവും തമ്മിൽ അകൽച്ചയിലാണ്. ഇതാണ് സുധാകരന്റെ പ്രസംഗത്തിന് പിന്നിലെ കാരണം.
നേരത്തെ ചേവായൂർ ബാങ്ക് ചെയർമാൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ വലിയ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. അൻപതോളം അംഗങ്ങളാണ് ഇതിന് പിന്നാലെ രാജി പ്രഖ്യാപിച്ചത്. ജില്ലാ നേതൃത്വത്തിന് എതിരായ പരാതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാജിവച്ചത്. ഇതിന് പിന്നാലെയാണ് സുധാകരൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനത്തിന് എത്തുന്നതും ഭീഷണി പ്രസംഗം നടത്തുന്നതും.












Click it and Unblock the Notifications