എലത്തൂര്‍ സ്ഥാനാര്‍ത്ഥിയെ വെട്ടി കെവി തോമസ്, ജയിക്കില്ല, മാറ്റില്ലെന്ന് ഹസന്‍, കോണ്‍ഗ്രസില്‍ കലാപം!
കോഴിക്കോട്: എലത്തൂര്‍ സീറ്റില്‍ കോണ്‍ഗ്രസില്‍ കലാപം. കഴിഞ്ഞ ദിവസം ഡിസിസിയില്‍ നടന്ന കൈയ്യാങ്കളിക്ക് പിന്നാലെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. ഇവിടെ വിമതനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസില്‍ ശ്രമം. ഇതൊഴിവാക്കാനാണ് നീക്കം. എലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെവി തോമസ് അറിയിച്ചിരിക്കുകയാണ്. കോഴിക്കോട് ഡിസിസിയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റുകയല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് വഴിയില്ലെന്നാണ് കെവി തോമസ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. എംകെ രാഘവന്‍ അടക്കമുള്ളവര്‍ സുല്‍ഫിക്കര്‍ മയൂരിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥി യുവി ദിനേഷ് മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നിര്‍ദേശം. അതല്ലെങ്കില്‍ ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് സെനിന്‍ റാഷിയെ കളത്തില്‍ ഇറക്കണമെന്നും കെവി തോമസ് പറയുന്നു. അതേസമയം ഈ വിഷയത്തില്‍ മാണി സി കാപ്പനുമായി കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. അതിന് ശേഷം കെപിസിസി ഇക്കാര്യത്തില്‍തീരുമാനമെടുക്കും. അതേസമയം എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നാണ് എംഎം ഹസന്‍ പറയുന്നത്. എംകെ രാഘവന്‍ കോഴിക്കോട് മത്സരിക്കാന്‍ വന്നപ്പോഴുണ്ടായ പ്രതിഷേധം ഓര്‍ക്കണമെന്ന് ഹസന്‍ പറഞ്ഞു. രാഘവനെ പോലൊരാള്‍ ഇങ്ങനെ പ്രതികരിക്കണം. എലത്തൂര്‍ സീറ്റില്‍ പ്രതിഷേധം പാടില്ലായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിനില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. യുഡിഎഫ് സുല്‍ഫിക്കര്‍ മയൂരിയെ മാറ്റുമെന്നാണ് സൂചന. കാപ്പന്റെ പാര്‍ട്ടിക്ക് നല്‍കിയ രണ്ടാമത്തെ സീറ്റാണ് എലത്തൂര്‍. എന്നാല്‍ പുതുതായി രൂപീകരിച്ച ഈ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു സ്ഥലത്തും വോട്ടില്ല. പാലായില്‍ കുറച്ച് വോട്ടുകള്‍ മാത്രമാണ് ഉള്ളത്. ഇത് വെച്ച് എലത്തൂരില്‍ സീറ്റ് കൊടുക്കുന്നതാണ് പ്രശ്‌നം. എലത്തൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ മണ്ഡലമാണിത്. വിമതന്‍ ദിനേഷ് മണിയെ അനുനയിപ്പിക്കുന്നതിനായി ഡിസിസി പ്രസിഡന്റ് യു രാജീവന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു.
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എലത്തൂരില്‍ എകെ ശശീന്ദ്രന്‍ ജനപ്രിയ നേതാവാണ്. കോണ്‍ഗ്രസിനും ഇവിടെ വോട്ട് കുറവാണ്. ഇടതുകോട്ടയാണ് എലത്തൂര്‍. അവിടെ ദിവസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച പാര്‍ട്ടിക്ക് സീറ്റ് കൊടുക്കുന്നതിലാണ് കോണ്‍ഗ്രസിലെ എതിര്‍പ്പ്. ഇന്നലെ രാത്രി വൈകിയും കെപിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കാപ്പന്‍ യുഡിഎഫിലേക്ക് വന്നതിന്റെ ഭാഗമായിട്ടാണ് ഈ സീറ്റ് നല്‍കിയത്. പക്ഷേ പ്രവര്‍ത്തകര്‍ ഇതുവരെ പ്രചാരണങ്ങളിലേക്ക് പോലും കടന്നിട്ടില്ല. സുല്‍ഫിക്കര്‍ മയൂരിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഇവിടെ മുന്നോട്ട് പോകാനുമാവില്ല. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി മാറുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയിലാണ് യുഡിഎഫ്.












Click it and Unblock the Notifications