പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ തന്നെ, ജോസിന് കുറ്റ്യാടി നല്‍കി അനുനയിപ്പിക്കാന്‍ സിപിഎം!!
കോഴിക്കോട്: പേരാമ്പ്ര സീറ്റ് കേരള കോണ്‍ഗ്രസിന് സിപിഎം വിട്ടുകൊടുക്കില്ല. ഈ സീറ്റില്‍ വിജയസാധ്യത കൂടുതല്‍ സിപിഎമ്മിനാണെന്നാണ് വിലയിരുത്തല്‍. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന് പകരം സീറ്റിനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലം അവര്‍ക്ക് നല്‍കുമെന്നാണ് സൂചന. കോഴിക്കോട്ട് മൂന്ന് സീറ്റുകളാണ് ജോസ് പക്ഷത്തിന് നല്‍കാനായി പരിഗണിക്കുന്നത്. ഇതില്‍ ഒരു സീറ്റാവും നല്‍കുക. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലേക്കാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ പരിഗണിക്കുന്നത്.

കുറ്റ്യാടി ഇത്തവണ വിജയസാധ്യത കുറഞ്ഞ മണ്ഡലമാണെന്ന് സിപിഎം വിലയിരുത്തലുണ്ട്. അതുകൊണ്ട് കൂടിയാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസിന് ഇവിടെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ കുറ്റ്യാടി വിട്ടുകൊടുക്കാന്‍ തന്നെയാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പേരാമ്പ്രയായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാറുണ്ടായിരുന്നത്. പക്ഷേ പേരാമ്പ്ര വിട്ടുകൊടുക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളും ഇവിടെ മത്സരിച്ചില്ലെങ്കില്‍ നഷ്ടമാകും.
മന്ത്രി ടിപി രാമകൃഷ്ണനാണ് പേരാമ്പ്രയില്‍ ഇത്തവണയും മത്സരിക്കുക. അഴിമതി വിരുദ്ധ പ്രതിച്ഛായയും മികച്ച മന്ത്രിയെന്ന പേരും രാമകൃഷ്ണന് ഗുണകരമാണ്. അതുകൊണ്ട് തുടര്‍ന്നും രാമകൃഷ്ണന്‍ തന്നെ മത്സരിക്കണമെന്നാണ് സിപിഎമ്മിലെ അഭിപ്രായം. പേരാമ്പ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരും രാമകൃഷ്ണനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു റിസ്‌കെടുക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. കേരളോ കോണ്‍ഗ്രസ് എമ്മിന് പേരാമ്പ്ര വിട്ടുകൊടുക്കുകയാണെങ്കില്‍ അഡ്വ മുഹമ്മദ് ഇഖ്ബാല്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിയാവും.
അതേസമയം കുറ്റാടിയില്‍ ആരാകും മത്സരിക്കുകയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദ് ഇഖ്ബാല്‍ തന്നെ കുറ്റ്യാടിയിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ പത്ത് വര്‍ഷമായി തിരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിധ്യമാണ് ഇഖ്ബാല്‍. കോഴിക്കോട് നിന്നുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഏക സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 1977 മുതല്‍ പേരാമ്പ്രയില്‍ നിന്ന് കെസി ജോസഫ് മത്സരിച്ചത് മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മാണ് പേരാമ്പ്രയില്‍ മത്സരിക്കാറുള്ളത്.
Recommended Video
പേരാമ്പ്ര സീറ്റില്‍ വിലപേശല്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ കടുംപിടുത്തതിന് സാധ്യത കുറവാണ്. അതേസമയം തിരുവമ്പാടിയില്‍ സിപിഎമ്മിലെ ജോര്‍ജ് എം തോമസാണ് മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. തിരുവമ്പാടിയും പേരാമ്പ്രയും വിട്ടുകൊടുക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. അതേസമയം തന്നെ പേരാമ്പ്ര വിട്ടുകൊടുക്കേണ്ടി വന്നാല്‍ കുറ്റ്യാടിയില്‍ സിപിഎം തന്നെ മത്സരിക്കും. കെപി കുഞ്ഞമ്മദ് കുട്ടി, കെകെ ദിനേശന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇരുവരും ജില്ലാ കമ്മിറ്റി അംഗങ്ങളാണ്.












Click it and Unblock the Notifications