കോഴിക്കോടും മാറും; കേരളത്തില്‍ വിദേശ രാജ്യങ്ങളുടെ മോഡലില്‍ ആദ്യത്തെ ട്രമ്പറ്റ് ജംഗ്ഷന്‍ വരുന്നു
കോഴിക്കോട്: കേരളം മൊത്തത്തില്‍ ഹൈടെക്ക് ആവാനുള്ള ഒരുക്കത്തിലാണ്. കോഴിക്കോട്ട് സംസ്ഥാനത്തെ ആദ്യത്തെ ട്രമ്പറ്റ് ജംഗ്ഷന് വരാന്‍ പോവുകയാണ്. ജില്ലയുടെ മുഖം തന്നെ മാറ്റുന്ന പദ്ധതിയാണിത്. ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാനുള്ള സംവിധാനമാണിത്.
വിദേശരാജ്യങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇന്ത്യയില്‍ ബെംഗളൂരു പോലുള്ള വന്‍ നഗരങ്ങളില്‍ ട്രമ്പറ്റ് ജംഗ്ഷനുകളുണ്ട്. വിദേശ രാജ്യങ്ങളിലെ മാതൃകയിലാണ് ട്രമ്പറ്റ് ജംഗ്ഷന്‍ കോഴിക്കോടും വരുന്നത്.

ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും, നിര്‍ദിഷ്ട പദ്ധതിയായ പാലക്കാട്-കോഴിക്കോട് ഹൈവേയും വന്ന് ചേരുന്ന പന്തീരാങ്കാവിനടുത്തുള്ള ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റര്‍ചേഞ്ച് പണിയുന്നത്. ജില്ലയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ക്ക് റോഡുകളിലെ സങ്കീര്‍ണത കുറയ്ക്കാനും ഇത്തരം ജംഗ്ഷനുകള്‍ കൊണ്ട് സാധിക്കും.
ഒരു ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ തന്നെ ഏത് ഭാഗത്തേക്കും പോവാന്‍ കഴിയുമെന്നതാണ് ട്രമ്പറ്റ് ജംഗ്ഷനുകളുടെ പ്രത്യേകത. ദേശീയപാതാ അതോറിറ്റി പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്.
സാധാരണ വാഹനങ്ങള്‍ പോകുന്നത് പോലെയായിരിക്കില്ല ഇതിലൂടെ കടന്നുപോവുക. മേല്‍പ്പാലങ്ങള്‍ വഴി വാഹനങ്ങള്‍ ചുറ്റിത്തിരിഞ്ഞാണ് പോവുക. കോഴിക്കോട് ബൈപ്പാസില്‍ വലിയൊരു മേല്‍പ്പാലവുമുയര്‍ന്ന് വരും. ഇരിങ്ങല്ലൂരില്‍ നാല് ചെറിയ മേല്‍പ്പാലങ്ങളും നിര്‍മിക്കും. കോഴിക്കോട് ജില്ലയില്‍ ഇരിങ്ങല്ലൂരിനും വാഴയൂരിനും ഇടയിലാണ് പുതിയ പാലക്കാട്-കോഴിക്കോട് ഹൈവേ വരുന്നത്.
ഈ എട്ട് കിലോമീറ്ററിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ടെന്‍ഡര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 25നാണ് ഈ ഭാഗത്തിന്റെ ടെന്‍ഡര്‍ തുറക്കുക. ഇതോടൊപ്പം 1627.04 കോടി രൂപ ചെലവ് വരുന്ന കാരക്കുന്ന് മുതല്‍ വാഴയൂര്‍ വരെയുള്ള ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്.
സാധാരണ ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ക്ക് തിരിയാന്‍ റൗണ്ട് എബൗട്ടുകള്‍ പണിയാറാണ് പതിവ്. അതായത് റൗണ്ട് എബൗട്ടില്‍ വാഹനങ്ങള്‍ പരസ്പരം ക്രോസ് ചെയ്യുന്നതാണ് സംഭവിക്കാറുള്ളത്. എന്നാല്‍ ട്രമ്പറ്റ് കവല യാതൊരു ഗതാഗത കുരുക്കും ഉണ്ടാക്കില്ല. തടസങ്ങളില്ലാതെ വാഹനങ്ങള്‍ പോകും.
പ്രത്യേകിച്ച് രണ്ട് ദേശീയ പാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന നിലയില്‍ വന്‍ തിരക്കുണ്ടാവും. അതിനിടയില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയുണ്ടാവില്ല. ബെംഗളൂരുവിലെ കെമ്പ ഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയ പാതയില്‍ കോഴിക്കോട് വരാനുള്ളതിന് സമാനമായ ട്രമ്പറ്റ് ജംഗ്ഷന്‍ ദേശീയ പാതാ അതോറിറ്റി നേരത്തെ നിര്‍മിച്ചതാണ്.
എല്ലാ ജില്ലയിലും ഇങ്ങനൊരു ജംഗ്ഷന്‍ കൊണ്ടുവരാന്‍ പക്ഷേ സാധിക്കില്ല. ഇതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. അത് കേരളത്തില്‍ അത്ര പ്രായോഗികമല്ല. മൂന്ന് ജില്ലകളിലായി 547 ഹെക്ടര്‍ ഭൂമിയാണ് പുതിയ ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്നത്.












Click it and Unblock the Notifications