ആവിയ്ക്കല്‍തോട് സമരം: അധികാരികളുടെ വാശി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് വിടി ബല്‍റാം
കോഴിക്കോട്: മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തിനെതിരെ സമരം നടക്കുന്ന കോഴിക്കോട് ആവിയ്ക്കല്‍ തോട് സന്ദർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിനെന്ന പേരിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മലിനജല ട്രീറ്റ്മെൻറ് പ്ലാന്റ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കടലോര പ്രദേശത്ത് തന്നെ വേണമെന്ന അധികാരികളുടെ വാശിയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് കാര്യങ്ങളാണ് എത്രയാലോചിച്ചിട്ടും മനസ്സിലാവാത്തത്. തുടർച്ചയായ പ്രളയത്തിന് ശേഷമുള്ള റീബിൽഡ് കേരള പരിശ്രമങ്ങൾക്ക് നമ്മുടെ പഴയ വികസന മാതൃകകൾ പോരാതെ വന്നിരിക്കുകയാണ്. നെതർലൻഡ്സ് മാതൃകയിലുള്ള 'റൂം ഫോർ റിവർ' പദ്ധതിയൊക്കെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നാടാണല്ലോ കേരളം. പ്രളയജലത്തെ ഉൾക്കൊള്ളാൻ കഴിയാവുന്ന കൂടുതൽ ഇടങ്ങൾ കണ്ടെത്തുകയും വെള്ളം എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാനുള്ള വഴികൾ തുറക്കുകയും ചെയ്യുക എന്നതാവണം പ്രളയ നിയന്ത്രണ ശ്രമങ്ങളുടെ പ്രാഥമിക ഫോക്കസ്. എന്നിട്ടും എന്തിനാണ് ആവിക്കൽതോട് പകുതിയോളം വീതിയിൽ മണ്ണിട്ട് തൂർത്ത് തന്നെ ഈ പുതിയ പ്ലാൻറ് നിർമ്മിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. അവിടെയിട്ട മണ്ണ് എത്രയും പെട്ടെന്ന് എടുത്തുമാറ്റി തോടിന്റെ സ്വാഭാവിക വീതി വീണ്ടെടുക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

മലിന ജല സംസ്ക്കരണ പ്ലാൻറുകളും ഖര മാലിന്യ സംസ്ക്കരണ പ്ലാന്റുകളുമൊക്കെ നമ്മുടെ പ്രധാന നഗരങ്ങളിലെല്ലാം യാഥാർത്ഥ്യമാവേണ്ട കാലം എന്നേ കഴിഞ്ഞു. എന്നാൽ ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ചില മിനിമം ജാഗ്രത അനിവാര്യമാണ്. ആൾത്താമസമില്ലാത്ത സ്ഥലങ്ങളോ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളോ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. കോഴിക്കോട് കോർപ്പറേഷന് കീഴിൽത്തന്നെ ഇങ്ങനെ വേറെയും സ്ഥലമുണ്ടായിട്ടും എന്തിന് മത്സ്യത്തൊഴിലാളികളടക്കമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ആവിക്കൽതോട് പ്രദേശം തന്നെ പ്ലാൻറിനായി തെരഞ്ഞെടുത്തു എന്നതിന് തൃപ്തികരമായ ഒരു വിശദീകരണവും കോർപ്പറേഷനോ സർക്കാരിനോ ഇല്ല.
തകർത്തു, കിടുക്കി, പൊളിച്ചു: ആരാധകർ ആഘോഷമാക്കി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍
വെള്ളയിൽ ഹാർബറിലെ മത്സ്യബന്ധന പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്. ഇതേക്കുറിച്ച് ഏതെങ്കിലും പാരിസ്ഥിതികാഘാത പഠനങ്ങൾ അധികാരികൾ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സ്വന്തം നാട്ടിൽ സ്വൈരജീവിതമാഗ്രഹിച്ചു കൊണ്ട് സമരം ചെയ്യുന്നവരെ അതിക്രൂരമായ മർദ്ദന മുറകളിലൂടെയാണ് പോലീസും അധികാരികളും നേരിടുന്നത്. സമരക്കാർക്ക് മേൽ തീവ്രവാദ ചാപ്പ കുത്താനുള്ള പതിവ് ശൈലിയുമായി സിപിഎം ജില്ലാ നേതൃത്വവും കോർപ്പറേഷൻ ഭരണക്കാരും കടന്നുവരുന്നുണ്ട്. പക്ഷേ, ഇതിനെയൊക്കെ അതിജീവിക്കുന്ന തരത്തിലുള്ള ഇച്ഛാശക്തിയും സമരവീര്യവുമാണ് പ്രദേശത്തെ സാധാരണക്കാർ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദർശിപ്പിച്ച് പോരുന്നത്. സ്ത്രീകളും കുട്ടികളുമൊക്കെ സമരത്തിന്റെ മുൻനിരയിലാണ്.
സമര സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട വനിതാ സമര സംഗമം ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച കെ.കെ.രമ എംഎൽഎയുടെ സാന്നിധ്യം സമരക്കാർക്ക് ആവേശം പകർന്നു. വാർഡ് കൗൺസിലർ സൗഫിയ അനീഷ് അധ്യക്ഷത വഹിച്ചു. ആരുടെയൊക്കെയോ സ്ഥാപിത താത്പര്യത്തിനായി തട്ടിക്കൂട്ടുന്ന തലതിരിഞ്ഞ "വികസന"പദ്ധതികളുടെ ഇരകളായി മാറാൻ തങ്ങൾ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് നൂറു കണക്കിന് അമ്മമാരും സഹോദരിമാരും കുഞ്ഞുങ്ങളും സംഗമത്തിന്റെ ഭാഗമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications