4 വയസ്സുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസ്സുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫര്‍ ഡോ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ നടപടികള്‍ അന്വേഷണത്തിന് ശേഷം മാത്രമേ സ്വീകരിക്കാനാവൂവെന്നും കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ആശുപത്രികള്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കാനും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണ നടത്തി തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൈവിരലിന്റെ ശസ്ത്രക്രിയക്കെതിരെ നാലുവയസ്സുകാരിക്ക് നാവില്‍ ശസ്ത്രക്രിയയായിരുന്നു നടത്തിയത്.
ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കല്‍ കോളേജിലെ മാതൃ ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടി വന്നത്. അന്വേഷണം നടത്തുമെന്ന് നേരത്തെ ആശുപത്രി സൂപ്രണ്ടും അറിയിച്ചിരുന്നു. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനാണ് കുട്ടി എത്തിയത്. പക്ഷേ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ പുറത്തെത്തിച്ചപ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു കുട്ടി.
കുട്ടിയുടെ രക്ഷിതാക്കള്‍ കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം കുടുംബത്തോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കം തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് ശസ്ത്രക്രിയ നടത്തിയ കാര്യംപരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷന നേതാവ് വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications