സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാത്ത ഇടത് സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ വഞ്ചന: പികെ ഫിറോസ്
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാത്തതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഒന്ന് പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് പികെ ഫിറോസ് പറഞ്ഞു.

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാതെ കേവലം പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തടഞ്ഞുവെക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച അതെ തുക തന്നെ ഈ വര്‍ഷവും ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ തവണ തുക പ്രഖ്യാപിച്ച ശേഷം അപേക്ഷ ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല. സ്‌കോളര്‍ഷിപ്പിന് പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയ തുകയില്‍ 75 ശതമാനവും ചെലവഴിച്ചിരുന്നില്ല.
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാത്തതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഒന്ന് പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പുകളുടെ വിതരണം മുറക്ക് നടക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.
നേരത്തെ ബജറ്റിലെ ഇന്ധന സെസിനെതിരെ പികെ ഫിറോസ് രംഗത്ത് വന്നിരുന്നു. ഇരച്ചചങ്കല്ല എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സെസ് വര്‍ധിപ്പിച്ച വിഷയത്തില്‍ മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സമ്മതിച്ചില്ലെന്നും പികെ ഫിറോസ് ആരോപിച്ചു.












Click it and Unblock the Notifications