മിശിഹ കേരളത്തിലെത്തി..... വൈറലായി കോഴിക്കോട്ടെ ലയണല്‍ മെസ്സിയുടെ കട്ടൗട്ട്; അര്‍ജന്റീനയിലും തരംഗം!!
കോഴിക്കോട്: ഫുട്‌ബോള്‍ എന്ന് പറഞ്ഞാല്‍ മലബാറുകാര്‍ക്ക് ഭ്രാന്താണ്. കാല്‍പ്പന്തുകളിയുടെ ഓരോ നിമിഷവും ആസ്വദിക്കുന്നവരാണ് അതുപോലെ തന്നെ കോഴിക്കോട്ടുകാര്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദൈവമാണ്. ലോകകപ്പ് ജ്വരം അലയടിക്കുന്ന ഈ അവസരത്തില്‍ ആരാധന പുറത്തുകാണിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ല.
മെസ്സിയുടെ 30 അടി ഉയരത്തിലുള്ള കട്ടൗട്ടുകളാണ് ഉയര്‍ന്നിരിക്കുന്നത്. ജില്ലയിലെ കുറുങ്ങാട്ട് കടവ് പുഴയിലാണ് ഈ കട്ടൗട്ട് ഉയര്‍ത്തിയത്. മെസ്സിയോടുള്ള ഈ ഭ്രാന്തമായ സ്‌നേഹം അങ്ങ് അര്‍ജന്റീന വരെ എത്തിയിരിക്കുകയാണ്. അര്‍ജന്റീനയിലെ മാധ്യമങ്ങളും ഈ ചിത്രങ്ങള്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്.

ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് ലോകകപ്പ് നടക്കുക. ഓണവും വിഷുവും പെരുന്നാളും പോലെ കേരളക്കാര്‍ക്ക് ലോകകപ്പും വന്‍ ആഘോഷമാണ്. ഓരോ ടീമിന്റെയും ആരാധകര്‍ തങ്ങളുടെ ആരാധന കാണിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഖത്തറില്‍ പന്തുരുളാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്ത് അതിന്റെ പാരമത്യത്തിലെത്തിയിരിക്കുന്നത്.
ഇത്തവണ ലയണല്‍ മെസ്സിയെന്ന മാന്ത്രിക ഫുട്‌ബോളറുടെ അവസാന ലോകകപ്പ് ആണെന്ന സവിശേഷത കൂടിയുണ്ട്. അതുകൊണ്ട് ഇനിയൊരു ഫിഫ ടൂര്‍ണമെന്റില്‍ തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ കഴിയില്ലെന്ന സങ്കടവും ആരാധകര്‍ക്കുണ്ട്.
കുറുങ്ങാട്ട്കടവിലെ മെസ്സിയുടെ മുപ്പതടി നീളമുള്ള ഈ കട്ടൗട്ട് ഇതിനോടകം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലുമാണിത്. ഒക്ടോബര്‍ 31നാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. പിന്നീട് ഇത് കേരളത്തിലെ അര്‍ജന്റീന ടീമിന്റെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം പലയിടത്തും ഷെയര്‍ ചെയ്യപ്പെട്ടു. ഈ വീഡിയോയില്‍ യുവാക്കള്‍ ഈ കട്ടൗട്ടുമായി നടന്ന് നീങ്ങുന്നതും, നദിയുടെ നടുവില്‍ സ്ഥാപിക്കുന്നതും കാണാന്‍ സാധിക്കും. അര്‍ജന്റീനയിലെ ഫോക്‌സ് സ്‌പോര്‍ട്‌സ് അവരുടെ ട്വിറ്റര്‍ പേജില്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇത്തവണ ഞങ്ങളുടെ മിശിഹയ്ക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കോഴിക്കോട്ടെ മെസ്സി ഫാന്‍ ക്ലബ് അംഗമായ അഹമ്മദ് പറയുന്നു. കോഴിക്കോട്ടെ പുല്ലാവൂരിലുള്ള ആരാധക ക്ലബാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. അതേസമയം ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും മാധ്യമങ്ങള്‍ ഒരേസമയം ഭ്രാന്തമായ ക്രിക്കറ്റ് പ്രേമികളുള്ള നാടായിട്ടാണ് കേരളത്തെ കാണുന്നത്.
അങ്ങനെയുള്ള ഒരു സംസ്ഥാനം ഫുട്‌ബോളിനെ ഇത്രത്തോളം സ്‌നേഹിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോളം തന്നെ പിന്തുണ ബ്രസീലിനും അര്‍ജന്റീനയ്ക്കും കേരളത്തിലുണ്ട്.












Click it and Unblock the Notifications