ലോക്ഡൗണ്‍ ഇളവുകള്‍ ജാഗ്രതയോടെ ഉപയോഗിക്കണം, രോഗവ്യാപനത്തിന് വഴിയൊരുക്കരുതെന്ന് കളക്ടര്‍
കോഴിക്കോട്: ജൂലായ് 18,19, 20 തിയ്യതികളില്‍ എ,ബി,സി മേഖലകളില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവ് കോവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും ജാഗ്രതയോടെ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി ഇടപഴകുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും.

സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നീ കാര്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ കര്‍ശനമായും പാലിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നഗരത്തില്‍ പൊലീസിന്റെ പരിശോധനയുണ്ടാവും. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക നിരീക്ഷണമുണ്ടാവും.
ആളുകള്‍ അതാത് പ്രദേശങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ഉപകരിക്കും. തിരക്ക് ഒഴിവാക്കാന്‍ മാര്‍ക്കറ്റുകളില്‍ പൊലീസിനെ നിയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Recommended Video
അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും.












Click it and Unblock the Notifications