ലോക്‌സഭാ തിരഞ്ഞെടുപ്പ്; വടകരയിൽ ശൈലജയും, കോഴിക്കോട് എളമരം കരീമും ഇറങ്ങും, ജില്ലാ കമ്മിറ്റിയുടെ അംഗീകാരം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടിത്തുകൊണ്ടിരിക്കെ കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി ജയം പിടിച്ചെടുക്കാൻ ഒരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി വടകരയില്‍ കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. ഇരുവരുടെയും പേരുകള്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
എല്‍ഡിഎഫിന്റെ വടകര, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികളുടെ ആദ്യയോഗം ചേര്‍ന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം സിപിഎം നാളെ എടുത്തേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.

സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് പിന്നാലെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുന്നണിയിൽ കേരള കോൺഗ്രസ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്‌ത് കഴിഞ്ഞതോടെ സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ഒരു ധാരണ ആയിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്താനായി എന്നതും അടുത്തഘട്ടത്തിലേക്ക് കടക്കാൻ പാർട്ടിയെ സഹായിക്കും.
അതേസമയം, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം തന്നെ ഉറച്ചു നിൽക്കുകയാണ് ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന വടകര മണ്ഡലം. വടകര പാർലമെന്റ് മണ്ഡലത്തിലെ തിരുവള്ളൂർ, പയ്യോളി, മണിയൂർ തുടങ്ങിയ മേഖലകളിൽ ഒക്കെ ഇക്കാലത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പിടിച്ചെടുത്ത വടകര മണ്ഡലം കഴിഞ്ഞ രണ്ട് വട്ടവും യുഡിഎഫിനൊപ്പം തന്നെ ഉറച്ചു നിന്നു. കഴിഞ്ഞ തവണ കെ മുരളീധരന് എതിരെ കരുത്തനായ പി ജയരാജനെ ഇറക്കിയിട്ടും സിപിഎമ്മിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. അതിനാലാണ് ഇത്തവണ ശൈലജയെ ഇറക്കുന്നത്.
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ എംകെ രാഘവൻ തന്നെയാണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ എ പ്രദീപ് കുമാറിനെ 80000ത്തിലധികം വോട്ടുകൾക്കാണ് എംകെ രാഘവൻ പരാജയപ്പെടുത്തിയത്. ഇക്കുറിയും ഇവിടെ രാഘവൻ തന്നെയാവും മത്സര രംഗതെന്നാണ് സൂചന. മുതിർന്ന നേതാവ് കൂടിയായ എളമരം കരീമിനെ രംഗത്തിറക്കി മണ്ഡലം പിടിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications