ഇത് ഷാജി പാപ്പനല്ല മിന്നല്‍ പാപ്പന്‍, തീപ്പിടിച്ച വൈക്കോല്‍ ലോറിയെ രക്ഷിച്ച സൂപ്പര്‍ ഹീറോ
കോഴിക്കോട്: മിന്നല്‍ മുരളിയും, ഷാജി പാപ്പനുമൊക്കെ അങ്ങ് സിനിമയിലെ ഹീറോസാണ്. പക്ഷേ ചിലപ്പോഴൊക്കെ ജീവിതത്തില്‍ അത്തരം ആള്‍ക്കാരെ നമ്മള്‍ കാണാറുണ്ട്. പറഞ്ഞ് വരുന്നത് അങ്ങനെയൊരു കാര്യത്തെ കുറിച്ചാണ്. കോടഞ്ചേരി അങ്ങാടിക്ക് സമീപം ലോറിക്ക് തീപ്പിടിച്ചതും അത് ഒരാള്‍ സാഹസികമായി തടഞ്ഞ് വന്‍ അപകടം ഒഴിവാക്കിയതുമെല്ലാമായ കാര്യമാണ്. ഇന്നാണ് കോഴിക്കോട് കോടഞ്ചേരിയില്‍ അങ്ങനൊരു അമ്പരപ്പിക്കുന്ന കാര്യം നടന്നത്. കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വൈക്കോല്‍ കയറ്റി വരികയായിരുന്നു ലോറിക്ക് തീപ്പിടിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ പുകഴ്ത്തുന്നത് ഷാജിയെയാണ്. എന്താണ് സംഭവമെന്ന് വിശദമായി ഒന്ന് പരിശോധിക്കാം. വൈക്കോലുമായി വന്ന ലോറിയായത് കൊണ്ട് തീപ്പിടിച്ച ഉടനെ വൈക്കോലിലേക്ക് ഇത് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. ഇതോടെ വാഹനമാകെ നിയന്ത്രണം വിട്ട് കുതിക്കുന്നതാണ് കണ്ടത്. ഒടുവില്‍ ഡ്രൈവര്‍ സാഹസികമായി ഇടപെട്ട് ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ലോറി ഗ്രൗണ്ടിലൂടെ ഓടിച്ച് തീ പിടിച്ച വൈക്കോല്‍ കെട്ടുകള്‍ താഴെ തള്ളിയിട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഇതൊന്നും ചെയ്തത് ലോറി ഡ്രൈവറായിരുന്നില്ല എന്നതാണ്. ലോറിക്ക് തീപിടിച്ചതോടെ ഡ്രൈവറാകെ ഭയന്നുപോയിരുന്നു. ഇയാള്‍ പേടിച്ചിട്ട് കോടഞ്ചേരി ടൗണില്‍ വണ്ടി നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. അത്രയും നേരം വണ്ടിയില്‍ ഉണ്ടായിരുന്നത് ഷാജി വര്‍ഗീസ് എന്ന നാട്ടുകാരനായിരുന്നു. വണ്ടി തീപ്പിടിച്ചിരിക്കുന്നത് കണ്ടതോടെ ഷാജി ലോറിയില്‍ ഓടിക്കയറുകയും വാങനമെടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയുമായിരുന്നു. ഗ്രൗണ്ടില്‍ ലോറി ചുറ്റിക്കറങ്ങിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടില്‍ വീഴുകയും അതോടെ വന്‍ അപകടം ഒഴിവാകുകയുമായിരുന്നു.
ഷാജി എന്ന ഷാജിയേട്ടന്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഹീറോയാണ്. കോടഞ്ചേരി ടൗണിലെ വ്യാപാരിയും ഡ്രൈവറുമാണ് ഷാജി പാപ്പന്‍ എന്ന് വിളിക്കുന്ന ഷാജി വര്‍ഗീസ്. മിന്നല്‍ മുരളിയെ പോലെ ഏത് ആപത്തിലും രക്ഷിക്കാന്‍ ഷാജി പാപ്പനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷാജിയുടെ മനോധൈര്യമാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്. അതേസമയം നാട്ടുകാര്‍ എത്തി തീപ്പിടിക്കാത്ത വൈക്കോള്‍ കെട്ടുകളെല്ലാം അഴിച്ചു മാറ്റി. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമായി. തീപെട്ടെന്ന് അണയ്ക്കുകയും ചെയ്തു. ലോറിയിലേക്കും തീപടര്‍ന്നില്ല. ഇലക്ട്രിക് കമ്പികള്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം വൈക്കോല്‍ കെട്ടിന് തീപ്പിടിച്ചതെന്നാണ് സംശയിക്കുന്നത്.












Click it and Unblock the Notifications