ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ 9 കോടിയുടെ ധനസഹായം; ഈ സാമ്പത്തിക വര്‍ഷം നല്‍കിയത് 33 കോടി
കോഴിക്കോട്: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ആറ് കോടി അധിക പാല്‍ വിലയുള്‍പ്പെടെ ഒമ്പത് കോടിയുടെ ധന സഹായവുമായി മലബാര്‍ മില്‍മ. അധിക പാല്‍വിലയായി ആറ് കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി രണ്ട് കോടി രൂപയും, കാലിത്തീറ്റ സബ്സിഡിയായി ഒരു കോടി രൂപയുമാണ് ലഭിക്കുക. ജനുവരി 30ന് ചേര്‍ന്ന മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
മലബാര്‍ മേഖലാ യൂണിയനില്‍ പാല്‍ നല്‍കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിലൂടെയും പാല്‍ നല്‍കിയ ക്ഷീര കര്‍ഷകര്‍ക്ക് 2024 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്‍കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ വീതമാണ് അധിക പാല്‍ വിലയായി നല്‍കുക.

ഈ ഇനത്തില്‍ ആറ് കോടി രൂപ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. 2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ യൂണിയന് നല്‍കിയ പാലിന്റെ അളവ് അടിസ്ഥാനമാക്കി പ്രസ്തുത തുക ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ആദ്യ വാരങ്ങളിലെ പാല്‍ വിലയോടൊപ്പം കര്‍ഷകര്‍ക്ക് മുന്‍കൂറായി നല്‍കും.
2023 ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ മലബാര്‍ മില്‍മയ്ക്ക് പാലളക്കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും അവര്‍ നല്‍കിയ പാലിന് ലിറ്റര്‍ ഒന്നിന് ഒരു രൂപ വീതവും അധിക പാല്‍ വിലയായി അനുവദിച്ചിട്ടുണ്ട്. സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ടിനായാണ് പ്രസ്തുത തുക അനുവദിക്കുന്നത്. രണ്ട് കോടി രൂപ ഈയിനത്തില്‍ സംഘങ്ങള്‍ക്ക് ലഭിക്കും.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്ത മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 100 രൂപ സബ്സിഡിയും അനുവദിച്ചു. ഇതിനു പുറമെ മേഖലാ യൂണിയന് കീഴിലെ ട്രസ്റ്റ് വഴി വിതരണം ചെയ്യുന്ന ചില കാലിത്തീറ്റ ഉത്പ്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന സബ്സിഡി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും തുടരാനും തീരുമാനിച്ചു. ഈയിനത്തില്‍ കാലിത്തീറ്റ സബ്സിഡിയായി ഒരു കോടി രൂപയും ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരും.
അധിക പാല്‍വില, കാലിത്തീറ്റ സബ്സിഡി, സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ട് എന്നിങ്ങനെ ഒമ്പത് കോടി രൂപയാണ് ക്ഷീര കര്‍ഷകര്‍ക്ക് കൈമാറുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് എന്നിവര്‍ പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം മലബാറിലെ ക്ഷീര കര്‍കര്‍ക്ക് 20.32 കോടി രൂപ അധിക പാല്‍ വിലയായും 3.22 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായും ഇതിനകം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നല്‍കുന്ന ഒമ്പത് കോടിയുള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മ അധിക പാല്‍ വിലയായും സബ്സിഡിയായും മലബാറിലെ ക്ഷീര കര്‍ഷര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 33 കോടി രൂപയാണ്. ഇക്കുറിയും ക്ഷീര കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ അധിക പാല്‍ വില നല്‍കുന്ന ക്ഷീരോത്പാദക യൂണിയനായി മലബാര്‍ മില്‍മ മാറിയിട്ടുണ്ടെന്നും കെഎസ് മണി അറിയിച്ചു












Click it and Unblock the Notifications