നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി, നേവിസ് വിടപറഞ്ഞത് ഏഴ് പേർക്ക് ജീവൻ നൽകിക്കൊണ്ട്
കോഴിക്കോട്: കേരളം കൈകോര്‍ത്തപ്പോള്‍ തടസ്സങ്ങളൊന്നും ഇല്ലാതെ നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തി. മൂന്ന് മണിക്കൂർ അഞ്ച് മിനുട്ട് കൊണ്ടാണ് ആംബുലൻസ് കോഴിക്കോട് എത്തിയത്. നേവിസ് എന്ന ഇരുപത്തിയഞ്ചുകാരന്‍ ഇനി ഏഴ് പേരിലൂടെ ജീവിക്കും. നേവിസിന്റെ എട്ട് അവയവങ്ങളാണ് ബന്ധുക്കള്‍ ദാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് നേവിസിന്റെ ഹൃദയം ദാനം ചെയ്യുന്നത്. എറണാകുളത്ത് നിന്ന് ഹൃദയവും വഹിച്ച് കൊണ്ടുളള ആംബുലന്‍സ് കോഴിക്കോട് വരെ വഴിയൊരുക്കണം എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുളളവര്‍ കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അല്‍പം മുന്‍പാണ് നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തിച്ചത്. പിന്നാലെ ശസ്ത്രക്രിയ ആരംഭിച്ചു.
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകുന്നതിന് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്നുളള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതിന് മറുപടി നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്ത് എത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: '' എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.
പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു''.
ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.
ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.












Click it and Unblock the Notifications