മലബാറിന്റെ കായിക വികസനവുമായി സര്‍ക്കാര്‍, ചേവായൂരില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഒരുങ്ങുന്നു
കോഴിക്കോട്: മലബാറിന്റെ കായിക വികസനത്തിന് കരുത്ത് പകരാന്‍ കോഴിക്കോടിന് സ്വന്തമായി ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. മലബാറില്‍ കായിക മേഖലയ്ക്കുള്ള സാധ്യത കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ഉപയോഗിക്കുന്നത്. ചേവായൂരില്‍ നിര്‍ദ്ദിഷ്ട ജില്ലാ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. ആശുപത്രിയുടെ വികസന സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടാകണം നിര്‍മ്മാണമെന്നും പതിവ് രീതിയില്‍ നിന്നും മാറി നിര്‍മ്മാണത്തില്‍ വ്യത്യസ്തത കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് പൊളിച്ചു നീക്കുന്ന കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടം ഹോസ്പിറ്റലിന് നിര്‍മ്മിച്ചു നല്‍കും. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയുള്ളു. നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ മികച്ച ഇന്‍ഡോര്‍ സ്റ്റേറ്റഡിയങ്ങളിലൊന്നായി ചേവായൂര്‍ സ്റ്റേഡിയം മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയുടെ ഭൂമിയില്‍ നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വിട്ട് നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം. കിഫ്ബിയിലുള്‍പ്പെടുത്തി പദ്ധതി തുടങ്ങാനാണ് തീരുമാനം. മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറിന്റെ കാലത്ത് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദമായ രീതിയിലുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയോട് മന്ത്രി നിര്‍ദ്ദേശിച്ചു.
Recommended Video
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ.പ്രദീപ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.എന്‍.അജിത, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, വൈസ് പ്രസിഡന്റ് ഡോ.റോയ് ജോണ്‍, സെക്രട്ടറി എസ്. സുലൈമാന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications