കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ജര്‍മനയില്‍ നിന്നും മരുന്നെത്തിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാലുവയസ്സുകാരന്റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നാല് ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്നാണ് മരുന്നെത്തിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെയുള്ള പോരാട്ടത്തിനിടെയാണ് ജീവന്‍ രക്ഷാ മരുന്ന് നാട്ടിലെത്തിയത്. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ ഷംഷീര്‍ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മില്‍റ്റിഫോസില്‍ മരുന്ന് സൗജന്യമായി ലഭ്യാക്കിയത്.
3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്‌സൂള്‍ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിക്കും. കേരളത്തില്‍ കൂടുതല്‍ അമീബിക് മസ്തിഷ്‌കജ്വര കേസ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഡോ ഷംസീറിന്റെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയത്.












Click it and Unblock the Notifications