നിക്കാഹ് കര്‍മത്തില്‍ പങ്കെടുത്ത് അതേ വേദിയില്‍ മഹര്‍ സ്വീകരിച്ച് വധു; ശ്രദ്ധേയമായി കുറ്റ്യാടിയിലെ വിവാഹം
കോഴിക്കോട്: ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ സാധാരണഗതിയില്‍ വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന നിക്കാഹ് കര്‍മങ്ങളില്‍ വധുവിന് പങ്കെടുക്കാന്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ ആ ഒരു പതിവ് തെറ്റിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പാലേരി പാറക്കടവ് ജുമാമസ്ജിദ്.
കഴിഞ്ഞ ദിവസം തന്റെ നിക്കാഹ് ചടങ്ങിന് സാക്ഷിയായി വധവും പാലേരി പാറക്കടവ് ജുമാമസ്ജിദിലുണ്ടായിുന്നു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് തന്റെ നിക്കാഹ് ചടങ്ങിന് നേരിട്ട് പങ്കെടുത്തത്.

കൂടാതെ മഹര്‍ വരനില്‍ നിന്ന് വേദിയില്‍ നിന്നു തന്നെ ബഹ്ജ ദലീല സ്വീകരിക്കുകയും ചെയ്തു. കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാമസ്ജിദിലെ ഈ വിവാഹ ചടങ്ങാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് ബഹ്ജ ദലീലയുടെ വരന്‍.
വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജ ദലീലക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു. ഇസ്ലാം പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നല്‍കിയത് എന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
നിക്കാഹിന് ഖതീബ് ഫൈസല്‍ പൈങ്ങോട്ടായി ആണ് നേതൃത്വം നല്‍കിയത്. സാധാരണ ഗതിയില്‍ നിക്കാഹിന് സാക്ഷിയാകാന്‍ വധുവിന് അവസരം ലഭിക്കാറല്ല. മാത്രമല്ല നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തിയാണ് അണിയിക്കാറുള്ളത്.
അതേസമയം പാലേരി പാറക്കടവ് ജുമാമസ്ജിദിലെ ഈ വിവാഹ ചടങ്ങ് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച ഇതേ മഹല്ലില്‍ നടന്ന ഇ ജെ അബ്ദുറഹീമിന്റെ മകള്‍ ഹാലയുടെ നിക്കാഹ് വേളയില്‍ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു.












Click it and Unblock the Notifications