രമയുടെ പദവിപ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെ: എളമരത്തെ പിന്തുണച്ച് ജില്ലാ സെക്രട്ടറിയും
കോഴിക്കോട്: ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെ കെ രമയ്ക്കെതിരെ എളമരം കരീം എംപി നടത്തിയ വിമർശനങ്ങളെ പിന്തുണച്ച് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മണ്ടോടി കണ്ണൻ ഉൾപ്പടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ.കെ രമയ്ക്ക് കിട്ടിയ എം എല്‍ എ സ്ഥാനമെന്നുമാണ് പി മോഹനന്‍ വ്യക്തമാക്കിയത്.
ഒഞ്ചിയത്തെ സി പി എമ്മിനെ ശിഥിലമാക്കാനാണ് എല്ലാ കാലത്തും കോണ്‍ഗ്രസും യു ഡി എഫും ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അന്നൊന്നും കോണ്‍ഗ്രസിന് അതിന് സാധിച്ചില്ല. കോണ്‍ഗ്രസ് ലക്ഷ്യത്തിന് കോടാലിക്കൈകളായി നിന്നുകൊടുത്തതിന്റെ പ്രതിഫലമായാണ് എംഎൽഎ സ്ഥാനം കൊടുത്തത്. സിപിഎമ്മിന് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞവര്‍ അവരുടെ ഭാഗമാകുന്നു. ഇതിനെതിരെ അവരുടെ പാർട്ടിയില്‍ തന്നെ അതൃപ്തി ശക്തമാണെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു

'പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എം എൽ എ സ്ഥാനം, സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെ'-എന്നായിരുന്നു എളമരം കരീം നടത്തിയ പ്രസ്താവന. .ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമര്‍ശം. പ്രസ്താവനയ്ക്കെതിരെ യു ഡി എഫ് നേതാക്കളും കെകെ രമയും രംഗത്ത് വന്നിരുന്നു. നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സി പി എം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെകെ രമയുടെ പ്രതികരണം.
അതേസമയം, ആർഎംപിയെ വിമർശിച്ചും എളമരം കരീമിനെ പിന്തുണച്ചും ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു ഡി എഫ് നല്‍കിയ പാരിതോഷികം തന്നെയാണ് വടകര എം എല്‍ എ സ്ഥാനമെന്നായിരുന്നു ടിപി ബിനീഷിന്റെ പ്രതികരണം. തൊഴിലാളികളെ അഭിമാനബോധമുള്ളവരാക്കി വളര്‍ത്തിയെടുത്തു കൊണ്ടാണ് എളമരംകരീം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതും ഇപ്പോള്‍ പാര്‍ലമെന്റിലെ സി പി ഐ എമ്മിന്റെ നേതാവായതെന്നും ടിബി ബിനീഷ് വിമർശിച്ചു
അല്ലാതെ തന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ ബലികഴിച്ചല്ല. ഒഞ്ചിയത്തിന്റെ പ്രതിസന്ധി കാലത്ത് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യമുയര്‍ത്തി പിടിക്കാനും,പ്രതിലോമ ആശയങ്ങളെ തുറന്നെതിര്‍ക്കാനും സഖാക്കളുടെ നേതൃത്വമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഒറ്റുകാര്‍ക്ക് അദ്ദേഹത്തോട് അരിശം തോന്നുക സ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












Click it and Unblock the Notifications