ക്ലീന്‍ ഗ്രീനുമായി ശിവപുരം സ്‌കൂള്‍; പ്രകൃതി സംരക്ഷണത്തില്‍ ഈ അധ്യാപകരും കുട്ടികളും മാതൃക
കോഴിക്കോട്: പ്രകൃതി സംരക്ഷണം കുട്ടികളില്‍ നിന്ന് ആരംഭിക്കണമെന്നാണ് പലപ്പോഴും പറയാറുള്ളത്. കുട്ടികള്‍ ഭാവി തലമുറയാണ്. അവര്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാക്കാന്‍ സാധിക്കുക. ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രകൃതി സംരക്ഷണത്തിന് വലിയ പങ്കുണ്ട്.
കേരള സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ വിദ്യാര്‍ത്ഥികളെ എല്ലാം അണിനിരത്തി ഒരു സ്‌കൂള്‍ പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലുള്ള ശിവപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ക്ലീന്‍ ഗ്രീന്‍ പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു അവബോധം നല്‍കുന്നത്.

ക്ലീന്‍ ഗ്രീന്‍ പദ്ധതി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഈ സ്‌കൂളില്‍ ആരംഭിച്ചത്. ഉദ്ഘാടനം ഔദ്യോഗികമായി കഴിഞ്ഞത് നവംബര്‍ നാലിനായിരുന്നു. മങ്ങാട് ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മന്‍സൂര്‍ പിടി ജെഎച്ച്‌ഐ-എഫ്എച്ച്‌സിയായിരുന്നു ഉദ്ഘാടകന്‍. ഉണ്ണികുളം പഞ്ചായത്തിന്റെ ഭാഗമായ ശിവപുരത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഹരിത ഭാവിയെ വളര്‍ത്തിയെടുക്കുന്നതിനാണ് ഈ ക്ലീന്‍ ഗ്രീന്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് ഈ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. ക്ലീന്‍ ഗ്രീന്‍ എന്നത് വെറുമൊരു പദ്ധതിയല്ല. ക്യാമ്പസ് വൃത്തിയാക്കുക, ശേഷം അത് ഹരിതാഭമാക്കുക എന്നതാണ് ക്ലീന്‍ ഗ്രീന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രിന്‍സിപ്പലും, അധ്യാപകരും, പിടിഎയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നെടുത്ത തീരുമാനമാണിത്.
വിദ്യാര്‍ത്ഥികളില്‍ പ്രകൃതി അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് ഭാവിയെ വാര്‍ത്തെടുക്കാന്‍ ആവശ്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് അധ്യാപകരും രക്ഷിതാക്കളും പദ്ധതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്. എന്തുകൊണ്ട് ഇങ്ങനെ ഒരു പദ്ധതി എന്നതിന് പ്രാധാനാധ്യാപികയ്ക്ക് ഉത്തരമുണ്ട്. നമ്മള്‍ ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തിലാണ് ജീവിക്കുന്നത്. അത് ഏതൊരു വിദ്യാര്‍ത്ഥിക്കും ആവശ്യമായ കാര്യമാണ്. എന്നാല്‍ പ്രകൃതിയെയും മണ്ണിനെയും മറക്കരുതെന്ന് പ്രധാനാധ്യാപിക വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ആദ്യം സ്‌കൂളിന്റെ കോമ്പൗണ്ട് വൃത്തിയാക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രകൃതി സംരക്ഷണം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പാണ് ശുചിത്വത്തിന് നേതൃത്വം നല്‍കുന്നത്.
ഹരിത മാര്‍ഗത്തിലേക്ക് സ്‌കൂളിനെ എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രാധാനാധ്യാപിക പറയുന്നു. എല്ലാ വെള്ളിയാഴ്ച്ചയും മൂന്നര മുതല്‍ നാലര വരെയുള്ള സമയം ക്ലീനിങ്ങിനുള്ള സമയമായി കണ്ടെത്തിയിട്ടുണ്ട്. ഈ സമയം ഡ്രൈ ഡേയായിരിക്കും. പരിസരം വൃത്തിയാക്കിയ ശേഷം ചെടികള്‍ നട്ടുപിടിപ്പിച്ച്, കൃഷി ഉള്‍പ്പെടെ ഹരിത ഭംഗി നിറഞ്ഞ സ്‌കൂളായി മാറ്റിയെടുക്കാനാണ് ഈ പരിശ്രമം.
ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ താന്‍ പ്രിന്‍സിപ്പലായി വരുമ്പോള്‍ ചില കുട്ടികള്‍ക്ക് ച്യൂയിങ്ഗം അടക്കം ചുവരില്‍ പതിക്കുന്ന ശീലമുണ്ടായിരുന്നു. കടലാസ്, പ്ലാസ്റ്റിക് അടക്കമുള്ളവയും അലക്ഷ്യമായി വലിച്ചെറിയുന്ന സ്വഭാവങ്ങളും മാറി വരുന്നുണ്ട്. ഇതൊക്കെ പാലിച്ചാല്‍ തന്നെ ക്യാമ്പസും പരിസരവും ക്ലീനാവുമെന്നാണ് പ്രാധാനാധ്യാപിക ആത്മവിശ്വാസത്തോടെ പറയുന്നത്.
അതേസമയം ശിവപുരം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൃത്തിയാക്കുക മനോഹരമാക്കുക എന്ന ലക്ഷ്യത്തില്‍ ഒരു പദ്ധതി പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണത്തിനായി സ്‌കൂളില്‍ നിന്ന് 25 ഓളം വിദ്യാര്‍ത്ഥികളെയും വിട്ടുകൊടുത്തിട്ടുണ്ടെന്ന് പ്രാധാനാധ്യാപിക പറഞ്ഞു.












Click it and Unblock the Notifications