മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ പരിശോധനയെന്ന് നഗരസഭ
കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കേറ്റിന് പുറമേ അപേക്ഷകന്റെ മറ്റ് ഭൗതിക സാഹചര്യങ്ങളും ജീവിത നിലവാരവും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിരുദ്ധമായി അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാതെ അനര്‍ഹരായവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചാല്‍ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും മാത്രം ഉത്തരവാദിയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോഴിക്കോട് നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കേസ് തീര്‍പ്പാക്കി. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനായി 2021 ജനുവരിയില്‍ സമര്‍പ്പിച്ച അപേക്ഷ കോഴിക്കോട് നഗരസഭ നിരസിച്ചെന്ന ഗോവിന്ദപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അന്വേഷണത്തില്‍ പരാതിക്കാരിയുടെ രണ്ട് മക്കള്‍ അവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂത്ത മകന് കാറുണ്ട്. വീട്ടില്‍ സ്പ്ലിറ്റി എയര്‍ കണ്ടീഷനര്‍ ഉണ്ട്. പരാതിക്കാരി താമസിക്കുന്ന വീടിന്റെ മുകള്‍നില വാടകക്ക് നല്‍കിയിട്ടുണ്ട്. നഗരമധ്യത്തില്‍ 4 കിലോമീറ്റര്‍ ദൂരത്തിലാണ് പരാതിക്കാരിക്ക് വീടുള്ളത്. വീട്ടിലേക്ക് കാര്‍ വരുന്ന തരത്തിലുള്ള വഴിയുണ്ട്.
പരാതിക്കാരിക്ക് 15000 രൂപ പ്രതിമാസ വാടക ഇനത്തില്‍ ലഭിക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. പരാതിക്കാരിക്ക് ഇതിനേക്കാള്‍ വരുമാനമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. അര്‍ഹരായവര്‍ക്ക് മാത്രം പെന്‍ഷന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നത് അര്‍ഹരായവര്‍ക്കാണെന്ന് കൃത്യമായി ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം പ്രാദേശിക സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്‍ക്വസ്റ്റിന് പോലീസെത്താന്‍ വൈകിയതു കാരണം ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ 8 മണിക്കൂറെടുത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് പോലീസ് ഉദ്യോഗസ്ഥരും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയില്‍ എത്തിയില്ല. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആ ശുപത്രിയിലേക്കുള്ള യാത്രയില്‍ മരിച്ചത്.
എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!
താമരശേരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കല്‍ കോളേജില്‍ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.












Click it and Unblock the Notifications