മലപ്പുറത്ത് ആദിവാസി ഊരുകളില്‍ വാക്‌സിനേഷന്‍ പൂര്‍ണം; ജില്ലയില്‍ ചികില്‍സയില്‍ 30,842 പേര്‍
മലപ്പുറം: ജില്ലയിലെ ആദിവാസി ഊരുകളില്‍ കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തിയായി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജില്ലയില്‍ വാക്‌സിനേഷന്‍ നടന്നുവരികയാണ്. അതേസമയം, 3000ത്തിലധികം പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 149 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്ന് 3000ത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഞായറാഴ്ച 3,190 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.49 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം 19 ശതമാനത്തില്‍ താഴെയായിരുന്നു ടിപിആര്‍. ഇന്ന് ഉയരുകയാണ് ചെയ്തത്. 3,057 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,002 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 28 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 76,698 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,842 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇതുവരെ 2,023 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. കേരളത്തില്‍ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 30000ത്തിലധികമായിരുന്നു കൊവിഡ് രോഗം. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്.
വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ജില്ലകളിലെ വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications