മലപ്പുറത്ത് ടിപിആര്‍ വീണ്ടും ഉയര്‍ന്നു; 3670 പേര്‍ക്ക് കൊവിഡ്, ചികില്‍സയിലുള്ളവര്‍ കാല്‍ ലക്ഷം കടന്നു
മലപ്പുറം: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. രോഗികള്‍ ഇന്നും 3000ത്തിലധികമാണ്. സംസ്ഥാനത്ത് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. രോഗ ഭേദമാകുന്നവരേക്കാള്‍ കൂടുതല്‍ രോഗികള്‍ വരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് 90 ശതമാനം രോഗവ്യാപനവും. ജില്ലയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്നവര്‍ കാല്‍ ലക്ഷം കടന്നു എന്നതും എടുത്തുപറയേണ്ടതാണ്.
വെള്ളിയാഴ്ച 17.26 ശതമാനമാണ് ടി.പി.ആര്‍. 3,670 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,838 പേര്‍ വെള്ളിയാഴ്ച രോഗവിമുക്തരായി. 3,562 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 63 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 63 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 65,696 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 25,624 പേരാണ്. ഇതുവരെ 1,527 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്സിന്‍ നല്‍കി. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കിയ ദിവസമാണ് ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്സിനേഷന്‍ നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications