പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടായി പിളർന്നു; രണ്ട് മരണം, നാല് പേരെ രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആകെ ആറ് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തിഎങ്കിലും മറ്റ് രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മത്സ്യബന്ധത്തിന് പോയ ഇസ്ലാഹ് എന്ന ബോട്ടാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ട്.

ചാവക്കാട് മുനമ്പിൽ നിന്നും ഏതാണ്ട് 32 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്ന സ്ഥലം. അപകടത്തിൽ ബോട്ട് തകർന്നതോടെ അതിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ഇടക്കഴിയൂർ ഭാഗത്തുള്ള പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണപ്പെട്ട തൊഴിലാളികളുടെ ദേഹത്ത് മുറിവേറ്റ പാടുണ്ടെന്നാണ് ലഭ്യമായ വിവരം. അതേസമയം, അപകടമുണ്ടാക്കുന്ന വിധം തീരത്തോട് ചേർന്നാണ് ഈ കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കപ്പൽ ജീവനക്കാർക്ക് എതിരെ കേസ്
പൊന്നാനിയിൽ രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തത്. അപകടം ഉണ്ടാക്കിയ കപ്പൽ കസ്‌റ്റഡിയിലെടുക്കുമെന്ന് കോസ്‌റ്റൽ പോലീസ് അറിയിച്ചിട്ടുണ്ട്. സാഗർ യുവരാജ് എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിനിടിച്ചത്.












Click it and Unblock the Notifications