അരീക്കോട് പീഡനം: ഇരയോടുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധം: കെ.സുരേന്ദ്രൻ
മലപ്പുറം: മനുഷ്യമനസാക്ഷിയെ നടുക്കിയ മലപ്പുറത്തെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മലപ്പുറം അരീക്കോട് പീഡനത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടി ശരീരം തളർന്ന് കിടപ്പിലായ അമ്മയുടെ മുമ്പിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്.
മലപ്പുറത്തെ എം പിമാരും എം എൽ എമാരും ഉൾപ്പെടെ ജനപ്രതിനിധികൾ ആരും സംഭവത്തിൽ ഇടപെട്ടില്ല. കുറ്റവാളി സംഘടിത ശക്തിയുടെ പിന്തുണയുള്ളയാളായതാണ് സർക്കാരിന്റെ നീതി നിഷേധത്തിന് കാരണം. ഇത് തികഞ്ഞ വിഭാഗീയതയാണ്. ഇത് ഒരു സാധാരണ പീഡനമല്ലേയെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇത്തരക്കാർ കേസ് അന്വേഷിച്ചാൽ ഇരയ്ക്ക് നീതികിട്ടില്ല. കേസ് അന്വേഷണം ശരിയായ നിലയിലല്ലെന്നും വോട്ട്ബാങ്ക് ശക്തികളുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ അനുവദിച്ചാൽ പെൺകുട്ടിയേയും കുടുംബത്തെയും സംരക്ഷിക്കാൻ ബി ജെ പി തയ്യാറാണ്. പാർശ്വവത്ക്കരിക്കപ്പെട്ട കുടുംബത്തിന് വേണ്ടി സംസാരിക്കാൻ ബി ജെ പി ഉണ്ടാകും. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണം. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാർ എടുക്കണം. രാഷ്ട്രീയ അക്രമങ്ങളിൽ പരിക്കേറ്റവർക്ക് വരെ സഹായം കൊടുക്കുന്ന സർക്കാരാണിത്. മലപ്പുറം വീണ്ടും വർഗീയതയുടെ കേന്ദ്രമാവുകയാണ്. മലപ്പുറത്തെ അധികൃതർ പൂർണ്ണ പരാജയമാണ്. കളക്ടറും പൊലീസും എവിടെയാണുള്ളത്? ഇത്തരം ഭീകരമായ സംഭവം നടന്നിട്ട് ആ കുടുംബത്തെ തിരിഞ്ഞു നോക്കാൻ പോലും അവർക്ക് സമയമില്ല. ഇരയ്ക്ക് നിതീ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വലിയ പ്രതിഷേധങ്ങൾക്ക് ബി ജെ പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മലപ്പുറം ജില്ലയിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയെ തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിൽ വെച്ച് പിച്ചി ചീന്തിയ കാപാലികത സമാനതകൾ ഇല്ലാത്ത ക്രൂരതയെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ സ്ത്രീ പക്ഷ കൂട്ടായ്മകൾ വർധിപ്പിക്കുക എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യനും അഭിപ്രായപ്പെട്ടു.
ഇത്തരം കൊടുംക്രിമിനലുകൾ പുറം ലോകം കാണാതിരിക്കാൻ നിയമ സംവിധാനവും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതാണ് എന്നും കേരളത്തിലെ പ്രധാന നവോത്ഥാന സ്ത്രീ പക്ഷ സംഘടനകളുടെ വക്താക്കൾ ഇത്തരം വലിയ കുറ്റകൃത്യങ്ങൾക്ക് എതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളായി തീർന്നിരിക്കുന്നു. അതിനാൽ തന്നെ സ്ത്രീ സംരക്ഷണം ഉറപ്പാക്കുവാൻ കൂടുതൽ ശ്രമങ്ങൾ പൊതു ജന പങ്കാളിത്വത്തോടെ ശക്തമാകുമെന്നും അഡ്വ നിവേദിത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications