ബന്ധുനിയമനം: മന്ത്രി ജലീലിനെ കരിങ്കൊടി കാണിച്ച സഭവം, ലീഗ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യം തള്ളി
മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ജലീലിനെ ബന്ധുനിയമന ആരോപണത്തിന്റെ പേരില്‍ കരിങ്കൊടി കാട്ടിയ ലീഗ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യം മഞ്ചേരി കോടതി വീണ്ടും തള്ളി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി. മഞ്ചേരി ചെരണി സ്വദേശികളായ അത്തിമണ്ണില്‍ അലി അക്ബര്‍ (42), മാഞ്ചേരി തുപ്പത്ത് ജസീല്‍ കുരിക്കള്‍(31), മംഗലശ്ശേരി വല്ലാഞ്ചിറ അബ്ദുല്‍ റഷീദ് (34), നറുകര കൊടക്കാടന്‍ അക്ബറലി (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജനുവരി 16നും ഇതേ കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിന് വൈകീട്ട് നാലു മണിയോടെ മഞ്ചേരി വായ്പാറപ്പടിയിലാണ് സംഭവം. കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ എത്തിയ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം പ്രവര്‍ത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. സംഭവ ദിവസവും തുടര്‍ന്നും അറസ്റ്റിലായ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ പാതായിക്കര കള്ളിപ്പാടത്ത് മുരളി കുമാര്‍ (39), എരവിമംഗലം ചെറുകര ചത്താനത്ത് പാലേങ്ങല്‍ കെ ഉദയന്‍ (35), വലമ്പൂര്‍ എറാംതോട് കടമ്പോട് പള്ളിയാളില്‍ വസന്ത (53), പെരിന്തല്‍മണ്ണ എരവിമംഗലം പാലോളി മന നന്ദകിഷോര്‍(23), പുലാമന്തോള്‍ വടക്കുംപാട്ട് ഹരിഹരന്‍ കെ (27), അങ്ങാടിപ്പുറം തിരൂര്‍ക്കാട് പൊട്ടയില്‍ മഹേഷ് (35) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2019 ജനുവരി രണ്ടിന് ഉച്ചക്ക് 2.45ന് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. ബി ജെപി, ആര്‍ എസ് എസ് നേതാക്കളായ സുനി മമ്പാട്ടുമൂല, മഹേഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന 150ഓളം പ്രതികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചതില്‍ റോഡിലെ ടാര്‍ ഉരുകി 75000 രൂപയുടെയും കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്തതില്‍ 25000 രൂപയുടെയും നഷ്ടം വരുത്തിവെച്ചുവെന്നാണ് കേസ്. ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കിയതു പ്രകാരം റോഡിന് 8095 രൂപ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നു മുതല്‍ ഏഴ് കൂടിയ പ്രതികളെ ജനുവരി മൂന്നിനും എട്ടാം പ്രതിയെ അഞ്ചിനും പെരിന്തല്‍മണ്ണയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.












Click it and Unblock the Notifications