ജനാധിപത്യവിരുദ്ധം; സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ സമദാനി, പ്രതിഷേധത്തിന് ജന്മനാട് ഒത്തുചേര്‍ന്നു
മലപ്പുറം: ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ തടവിലായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. ജന്മനാടായ വേങ്ങരയില്‍ പൂച്ചോലമാട് മഹല്ല് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സിദ്ദിഖ് കാപ്പനെതിരെ അരങ്ങേറുന്നത് വലിയ നീതി നിഷേധമാണ് എന്ന് മുസ്ലിം ലീഗ് നേതാവും മലപ്പുറം ലോക്‌സഭാ എംപിയുമായ അബ്ദുസമദ് സമദാനി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളുടെ ഭാഗമാണിത്. ജനാധിപത്യ വിരുദ്ധ നീക്കങ്ങല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുകയാണ്. ഇത്തരം നീക്കങ്ങള്‍ തിരുത്തി സിദ്ദിഖിന് മോചനം നല്‍കണമെന്നും സമദാനി ആവശ്യപ്പെട്ടു.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ മഥുരയില്‍ വച്ച് അറസ്റ്റിലായത്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് ഡല്‍ഹിയില്‍ നിന്ന് സിദ്ദിഖ് കാപ്പന്‍ പുറപ്പെട്ടത്. ഹത്രാസില്‍ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തില്‍ സിദ്ദിഖിനെതിരെയുള്ള ഒരു ആരോപണം. മാത്രമല്ല, സിദ്ദിഖിന്റെ ലേഖനങ്ങള്‍ മുസ്ലിങ്ങളെ ഇളക്കിവിടുന്നതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖ് എഴുതിയ നിരവധി ലേഖനങ്ങള്‍ കുറ്റപത്രിത്തില്‍ വിശദീകരിക്കുന്നുണ്ട്. 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിദ്ദിഖിനെതിരെ രാജ്യദ്രോഹം, യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുപി പോലീസ് ചുമത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി മാധ്യമപ്രവര്‍ത്തക യൂണിയന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചികില്‍സയ്ക്കും മറ്റും സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് നടത്തിയ ഇടപെടലും വലിയ ചര്‍ച്ചയായിരുന്നു. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് വേണ്ടി ഡല്‍ഹി എയിംസില്‍ ചികില്‍സയ്ക്ക് വേണ്ടി എത്തിച്ചെങ്കിലും വളരെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്ത് യുപി ജയിലിലേക്ക് തന്നെ കൊണ്ടുപോയി. രോഗ ബാധിതയായ മാതാവിനെ കാണാന്‍ സുപ്രീംകോടതി അഞ്ച് ദിവസത്തെ അനുമതി സിദ്ദിഖിന് നല്‍കിയിരുന്നു. യുപി പോലീസിനൊപ്പമെത്തിയാണ് സിദ്ദിഖ് ഉമ്മയെ കണ്ടത്. ഉമ്മ പിന്നീട് മരിച്ചു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഇപ്പോള്‍ സിദ്ദിഖ് മഥുര ജയിലിലാണ്. നുണ പരിശോധന ഉള്‍പ്പെടെയുള്ള ഏത് ശാസ്്ത്രീയ പരിശോധനകള്‍ക്കും വിധേയകാന്‍ തയ്യാറാണ് എന്ന് കാപ്പന്‍ കോടതിയെ അറിയിച്ചിരുന്നു. സിദ്ദിഖ് കാപ്പന് സിമിയുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം. ജാമ്യത്തിന് വേണ്ടി കെയുഡബ്യുജെ ശ്രമിക്കുന്നുണ്ട്. നേരത്തെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം നല്‍കരുത് എന്ന നിലപാടാണ് യുപി പോലീസ് സ്വീകരിച്ചത്. തടവിലായി ഒരു വര്‍ഷം തികയുന്ന ഇന്ന് കെയുഡബ്ല്യുജെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. എംവി ശ്രേയാംസ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. വേങ്ങരയില്‍ സിദ്ദിഖിന്റെ നാട്ടില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.
പ്രതിഷേധ സംഗമത്തില്‍ പൂച്ചോലമാട് മഹല്ല് പ്രസിഡന്റ് പൂവില്‍ മോമുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി വൈസ് ചെയര്‍മാന്‍ പി എം എ ഹാരിസ്, സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ കെപിഒ റഹ്മത്തുല്ല, വേങ്ങര പ്രസ് ഫോറം പ്രസിഡന്റ് കെ കെ രാമകൃഷ്ണന്‍, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അസ്മാബി കാപ്പന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പി വി അഹമ്മദ് ഷാജു, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഡാനിഷ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications