ഫണ്ട് മുക്കി നക്കിയ യുവസിങ്കം; പികെ ഫിറോസിനെ വിമര്‍ശിച്ച് കെടി ജലീല്‍, കൂടെ വീഡിയോയും
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്ത സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെടി ജലീല്‍. യൂത്ത് ലീഗ് ദേശീയ നേതൃത്വം പിരിച്ച കത്വ ഫണ്ട് തിരിമറി നടത്തി എന്നാരോപണം നിലനില്‍ക്കെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഒന്നാം പ്രതിയാണ് സുബൈര്‍. രണ്ടാം പ്രതിയായാണ് ഫിറോസിനെ ചേര്‍ത്തിട്ടുള്ളത്. കേസെടുത്ത പശ്ചാത്തലത്തില്‍ സുബൈര്‍ സംഘടനാ പദവി രാജിവച്ചിരുന്നു. പികെ ഫിറോസ് രാജിവയ്ക്കുമോ എന്ന് വ്യക്തമല്ല.
ഈ സാഹചര്യത്തിലാണ് കെടി ജലീല്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച നേതാവാണ് പികെ ഫിറോസ്. അദ്ദേഹം കെടി ജലീലിനെതിരായ നിരവധി കാര്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഇഡി കേസെടുത്ത സാഹചര്യത്തില്‍ കാലം തിരിച്ചടിക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. പാണക്കാട് കുടുംബത്തെ മറയാക്കി ഫണ്ട് മുക്കല്‍ നടക്കുന്നുണ്ടെന്നും അതെല്ലാം പൊളിഞ്ഞു വീഴുകയാണെന്നും കെടി ജലീല്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

കത്വ പെണ്‍കുട്ടിയുടെ കണ്ണീരു കാട്ടിപ്പിരിച്ച ഫണ്ട് കട്ട് മുക്കി നക്കിയ 'യുവസിങ്കത്തി'നെതിരെ കേസ് എടുക്കാന്‍ ഇഡിയുടെ ഉത്തരവ് വന്നതായി വാര്‍ത്ത. ചെയ്ത പാപങ്ങള്‍ക്ക് അനുഭവിച്ചല്ലേ മതിയാകൂ. കാലം എല്ലാറ്റിനും കണക്കു ചോദിക്കും. ഇനിയുമെത്ര കിടക്കുന്നു! ബഹുവന്ദ്യരായ പാണക്കാട് തങ്ങന്‍മാരെ മറയാക്കിയുള്ള ഫണ്ടുമുക്കല്‍ ഓരോന്നോരോന്നായി പൊളിഞ്ഞു വീഴുകയാണ്. കുഞ്ഞാപ്പയും കുട്ടിക്കുഞ്ഞാപ്പയും കുടിലതയില്‍ കൂട്ടാണെന്ന് ആര്‍ക്കാണറിയാത്തത്?- ഇങ്ങനെ എഴുതിയ ഫേസ്ബുക്ക് കുറപ്പിനൊപ്പം ഒരു വീഡിയോയും ജലീല്‍ പങ്കുവച്ചിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയെയും പികെ ഫിറോസിനെയും ഒരേ പോലെ വിമര്‍ശിക്കുകയാണ് കെടി ജലീല്‍. അടുത്തിടെ അദ്ദേഹം ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികിക്കുക കൂടി ചെയ്തതോടെ ജലീല്‍ തുടര്‍ച്ചയായി മാധ്യമങ്ങളെ കാണുകയും ചെയ്തു.
ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ
കുഞ്ഞാലിക്കുട്ടിക്കെതിരായ ശബ്ദരേഖയുണ്ടെന്നും വേണ്ടി വന്നാല്‍ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഈനലി തങ്ങള്‍ക്കെതിരെ നടപടിയില്ലാത്തതിനാല്‍ ശബ്ദരേഖ പുറത്തുവിടുന്നില്ലെന്ന് കെടി ജലീല്‍ പിന്നീട് പ്രതികരിച്ചു. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കാനില്ലെന്ന് മുഈനലി തങ്ങള്‍ വ്യക്തമാക്കിയതോടെ ലീഗിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചിരിക്കെയാണ് പികെ ഫിറോസിനെതിരെ ഇഡി നടപടിയെടുത്തിരിക്കുന്നത്.












Click it and Unblock the Notifications