വാരിയംകുന്നന്‍... പ്രതിഷേധവുമായി യൂത്ത് ലീഗ്; പോരാളികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കും
മലപ്പുറം: ബ്രിട്ടീഷുകാര്‍ക്കെതിരെ 1920കളില്‍ മലബാറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാന്നു. ആലി മുസ്ല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം ധീര വിപ്ലവകാരികളായിരുന്നുവെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സമരം തുടങ്ങുകയാണ്. ശാഖാ തലത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിക്കാനാണ് തീരുമാനം എന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ അറിയിച്ചു. പ്രതിഷേധം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് സിപിഎം നേതാവ് എംഎ ബേബി ആവശ്യപ്പെട്ടു. ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണാല്‍ കാണുകയാണ്. ബിജെപി അധികാരത്തിലെത്തിയതു മുതല്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും. ആര്‍എസ്എസ് സംഘടനകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു അവര്‍ എന്നും ബേബി പറഞ്ഞു.

387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ മോദി ഭരണത്തിന്‍കീഴില്‍ നടക്കുന്ന കുത്സിത നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. മഹത്തായ സ്വാതന്ത്ര്യ സമരത്തെയും അതിന് സമാനതകളില്ലാത്ത നേതൃത്വം നല്‍കിയ ഗാന്ധിജിയെയും നെഹ്‌റുവിനെയും മറ്റ് ദേശീയ നേതാക്കളെയും തമസ്‌കരിക്കാനും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തിവരുന്ന സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
ധീരന്‍മാരെ ചരിത്രം പോലും ഭയന്നിരുന്നു എന്നാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മഈനലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. പുതിയ രാജ്യസ്‌നേഹികള്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ല്ായിരുന്നു. പിറന്ന നാടിന് വേണ്ടി രക്തം ചിന്തിയ ഏറനാടിന്റെ സുകൃതങ്ങളാണ് വാരിയംകുന്നനും ആലിമുസ്ല്യാരുമെല്ലാം എന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര താളുകളില്‍ നിന്ന് അടര്‍ത്തിയാലും യഥാര്‍ഥ ദേശസ്‌നേഹികളായ അവര്‍ വിസ്മൃതിയിലാകില്ലെന്നും മുഈനലി പറഞ്ഞു.
സംഘ് പരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിക്കാതിരിക്കുക എന്നതാകും ഒരു രാജ്യസ്‌നേഹിക്ക് ഇനിയുള്ള കാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ആദരമെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ അഭിപ്രായപ്പെട്ടു. ഇതൊരു തുടക്കം മാത്രമാണ്. മഹാത്മജി രാജ്യദ്രോഹിയും ഗോഡ്സെ സ്വാതന്ത്ര്യ സമര സേനാനിയുമാകുന്ന കാലമാണ് ഇനി വരാന്‍ പോക്കുന്നതെന്നും തഹ്‌ലിയ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പിന്നില്‍നിന്ന് കുത്തി തകര്‍ക്കാന്‍ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാള്‍ വലിയ സാക്ഷ്യപത്രം മറ്റെന്താണ് മാപ്പിളമാരുടെ അടയാളപ്പെടുത്തലുകള്‍ക്ക് ലഭിക്കാനുള്ളത് എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചത്.
വാരിയംകുന്നനെയും ഭഗത് സിങിനെയും താരതമ്യപ്പെടുത്തി കഴിഞ്ഞ ദിവസം സംസാരിച്ച സ്പീക്കര്‍ എംബി രാജേഷിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. ബിജെപി നേതാക്കള്‍ സ്പീക്കര്‍ക്കെതിരെ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി സ്പീക്കര്‍ ഇന്ന് വീണ്ടും രംഗത്തുവന്നു. ഭഗത് സിങിനോട് എന്ന് മുതലാണ് ഇക്കൂട്ടര്‍ക്ക് സ്‌നേഹം വന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഛണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിങിന്റെ പേരിടണമെന്ന് താന്‍ പാര്‍ലമെന്റില്‍ ആവശ്യമുന്നയിച്ച കാര്യം രാജേഷ് എടുത്തുപറയുന്നു. അന്ന് ഒരു പാര്‍ട്ടി ഒഴികെ മറ്റെല്ലാവരും പിന്തുണച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ തന്റെ ആവശ്യം ചെവികൊണ്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.












Click it and Unblock the Notifications