കമ്മ്യൂണിസ്റ്റ് പച്ച കഞ്ചാവാണെന്ന് പറഞ്ഞ് വിറ്റു.. യുവാവിന്റെ മാരക തട്ടിപ്പ്, ഒടുവില്‍ സംഭവിച്ചത്!!
പൊന്നാനി: തട്ടിപ്പുകളൊക്കെ ഇപ്പോള്‍ വേറെ ലെവലിലേക്കാണ് പോകുന്നത്. മലപ്പുറത്ത് കഞ്ചാവാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റിരിക്കുകയാണ് യുവാവ്. 50000 രൂപ ഇതിന്റെ പേരില്‍ അടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ തട്ടിപ്പ് നടത്തിയ യുവാവിന് പിന്നീട് സംഭവിച്ചതാണ് ഞെട്ടിപ്പിച്ചത്. കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. നാല് ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒടുവില്‍ സംഭവത്തിലെ മുഖ്യ പ്രതി കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പൊന്നാനി സ്വദേശിയായ അമല്‍ ബഷീറിനെയാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. പിടിയിലായ കിരണിന്റെ സുഹൃത്തുക്കളായ ജംഷീദ്, നാഷിം, റാഷിദ് തുടങ്ങിയവരടങ്ങിയ സംഘം കഞ്ചാവ് വാങ്ങിക്കാനായി അമല്‍ ബഷീറിന് 45000 രൂപ നല്‍കിയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം. അമല്‍ കഞ്ചാവിന് പകരം മൂന്നരക്കിലോ കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നല്‍കുകയാണ് ചെയ്തത്. കിരണിന്റെ ഉറ്റ സുഹൃത്തായിരുന്നു അമല്‍ ബഷീര്‍.
കിരണിനെ ഉപയോഗിച്ചാണ് വഞ്ചിക്കപ്പെട്ടവര്‍ അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് അമല്‍ ബഷീറിനെ കിരണ്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. അയിലക്കാട് ചിറക്കലില്‍ വെച്ച് ബഷീറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് കാഞ്ഞിരക്കാണി വട്ടക്കുന്നില്‍ വെച്ച് അര്‍ധനഗ്നനാക്കി മര്‍ദിക്കുകയും ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ദേഷ്യം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. അമലിന്റെ പഴ്‌സിലുണ്ടായിരുന്ന ആറായിരം രൂപ ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അമല്‍ ബഷീറിന്റെ വീട്ടിലേക്ക് ഇവര്‍ വിളിക്കുന്നത്. തുടര്‍ന്ന് നാല് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിലൊന്നും ഭയപ്പെട്ടില്ല. നേരെ പോലീസില്‍ പരാതി നല്‍കി. വൈകാതെ തന്നെ പൊന്നാനി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇനിയും ഈ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications