കെഎസ്ആർടിസി ബസിൽ വൻ മോഷണം; കളവ് പോയത് ഒരു കോടിയുടെ സ്വർണം, അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം: ബസ് യാത്രക്കിടെ മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ജ്വല്ലറി ഉടമയായ തൃശൂർ സ്വദേശി ജിബിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നരകിലോയോളം തൂക്കം വരുന്ന സ്വർണമാണ് നഷ്‌ടമായത്. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്നതാണ് ഈ സ്വർണം എന്നാണ് പരാതിക്കാരൻ പറയുന്നത്.
മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശി ജിബിനാണ് പരാതിക്കാരൻ. ജ്വല്ലറിയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ട് വരികയായിരുന്ന സ്വർണമാണ് നഷ്‌ടമായത്. കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് സംഭവം നടന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് യാത്രയ്ക്കിടെ നഷ്‌ടമായത്.

കുറ്റിപ്പുറത്ത് നിന്ന് ബസിൽ കയറിയ ജിബിൻ ഇടയ്ക്ക് വച്ച് എടപ്പാളിൽ ബാഗ് തുറന്ന നിലയിൽ കണ്ടതോടെയാണ് പരിശോധിച്ചത്. ഇതോടെ ബസ് ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. യാത്രക്കാരെ മുഴുവനായി പരിശോധിക്കുകയും ബസ് അരിച്ചുപെറുക്കി നോക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെ ജിബിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചങ്ങരംകുളം പോലീസ് വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. പരാതി കിട്ടിയപ്പോൾ തന്നെ ബസിലെ മറ്റ് യാത്രക്കാരെ ഉൾപ്പെടെ പരിശോധിച്ചിരുന്നു. നിലവിൽ അന്വേഷണം നിർണായക ഘട്ടത്തിൽ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, അടുത്തിടെ തൃശൂരിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത് പട്ടാപ്പകൽ കാറിലെത്തിയ മോഷ്‌ടാക്കൾ കടന്നുകളഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് ജ്വല്ലറിയിലേക്ക് കൊണ്ട് വരികയായിരുന്ന സ്വർണമാണ് മൂന്ന് കാറിലായി എത്തിയ സംഘം തട്ടിയെടുത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
കുതിരാന്‍ പാതയിലെ കല്ലിടുക്കില്‍ വച്ച് പകൽ സമയത്താണ് മോഷണം നടന്നത്. സംഭവം നടക്കുമ്പോൾ സമീപത്ത് വണ്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെങ്കിലും ഇവർ അതിവേഗം കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമയും സുഹൃത്തും സഞ്ചരിച്ച കാറും മോഷ്‌ടാക്കൾ തട്ടിയെടുത്തെങ്കിലും പിന്നീട് ഇവരെയും കാറും ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് ഇപ്പോൾ കെഎസ്ആർടിസി ബസിൽ നിന്ന് വൻതുക വിലവരുന്ന സ്വർണം കളവുപോയത്.












Click it and Unblock the Notifications