കുറ്റൂര്‍ സ്‌കൂളിലെ 'തീപിടിത്തം' ഒറിജിനലല്ല, മോക്ഡ്രില്‍ ഒറിജിനലാക്കി പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ
മലപ്പുറം: വേങ്ങര കുറ്റൂര്‍ സ്‌കൂളില്‍ ഇന്നലെ നടത്തിയ മോക്ഡ്രില്‍ 'തീപിടിത്തം' ഒറിജിനലാക്കി പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ. ഇതുസംബന്ധിച്ച ഫോട്ടോകള്‍ സഹിതം വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രരിച്ചതോടെ സ്‌കൂളധികൃതര്‍ക്ക് ഇന്ന് മാത്രം വന്നത് നൂറിലധികം ഫോണ്‍കോളുകള്‍. തുടര്‍ന്ന് ഇത് ഒറിജിനലല്ലെന്ന് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പും ഇറക്കി.
'വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെഎംഎച്ച്എസ്എസ് സ്‌കൂളിനെ ഭീതിയിലാഴ്ത്തി തീപിടിത്തം' എന്ന തലക്കെട്ടിലാണ് ഇതുസംബന്ധിച്ച് പത്രമാധ്യമങ്ങളും ഇന്ന് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത് മോക്ഡ്രില്‍ ആണെന്ന് വാര്‍ത്തക്ക് അകത്താണ് പറയുന്നത്. ഇതോടെയാണ് ജനങ്ങളും ആശയക്കുഴപ്പത്തിലായത്.

വെള്ളിയാഴ്ച നടന്ന മോക്ഡ്രില്‍ തീപിടുത്തം ഫയര്‍ എന്‍ജിനുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കെടുത്തിയത്. ഉച്ചയ്ക്ക് 2.30നാണ് തീപിടുത്തമുണ്ടായത്. അതിനിടയില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ അകപ്പെട്ടത് വിദ്യാര്‍ഥികളെയും അധ്യാപകരെയും പരിഭ്രാന്തരാക്കി. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടികൂടി. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിദ്യാര്‍ഥികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും തീ അണക്കുകയും ചെയ്തു. പതിനഞ്ചു മിനിറ്റിനകം തീകെടുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തിരികെ എത്തി. തൊട്ടുപിറകെ വന്നു മറ്റൊരറിയിപ്പ് ഇത് മോക്ഡ്രില്‍.
തീപിടിത്തം ഉണ്ടായാല്‍ എങ്ങിനെ നേരിടാം എന്നതു സംബന്ധിച്ച ബോധവല്‍ക്കരണമായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ അറിയിപ്പ് ലഭിച്ചതോടെ പരിഭ്രാന്തി കൗതുകമായി മാറി. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ചൈല്‍ഡ്‌ലൈനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മലപ്പുറം യൂനിറ്റും സംയുക്തമായാണ് പരിപാടി നടത്തിയത്. പെട്ടെന്ന് അപകടമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നുംസ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുന്നത് കൂടിയായിരുന്നു മോക്ഡ്രില്‍. അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതും എങ്ങനെയെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തന രീതി, ഉപകരണങ്ങള്‍ എന്നിവയെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി. അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ പി പ്രദീപ്, വേങ്ങര പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ കെപി ഫസല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിഎ ജൂഡി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യൂസഫ് കരിമ്പില്‍, പ്രധാനധ്യാപകന്‍ പി.ബി അനില്‍കുമാര്‍, വേങ്ങര സബ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍ ,പിടിഎ പ്രസിഡന്റ് മൊയ്തീന്‍കുട്ടി, സ്‌കൂള്‍ മാനേജര്‍ കുഞ്ഞിമൊയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ്, ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍മാരായ സിപി സലീം, അന്‍വര്‍ കാരക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications