മഅദനിക്കൊപ്പം വേദി പങ്കിട്ടില്ലേ, തീവ്രവാദ പാര്‍ട്ടികളെ വളര്‍ത്തിയത് സിപിഎം- പിഎംഎ സലാം
മലപ്പുറം: മുസ്ലിം ലീഗിന് ന്യൂനപക്ഷ തീവ്രവാദ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. തീവ്രവാദ പാര്‍ട്ടികളെ വളര്‍ത്തിയത് സിപിഎം ആണ് എന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനെതിരെ ആയുധമാക്കാനാണ് സിപിഎം ഇത്തരം പാര്‍ട്ടികളെ വളര്‍ത്തിയത്. പൊന്നാനിയില്‍ പിഡിപി പിന്തുണയോടെ എല്‍ഡിഎഫ് മല്‍സരിച്ച കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു സലാം. അബ്ദുന്നാസര്‍ മഅദനിക്കൊപ്പം പിണറായി വിജയന്‍ വേദി പങ്കിട്ട കാര്യവും സലാം സൂചിപ്പിച്ചു.
സിപിഎം പതിവ് ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ലീഗിന് ഏത് തീവ്രവാദ സംഘടനകളുമായിട്ടാണ് ബന്ധം. ഉണ്ടെങ്കില്‍ തെളിയിക്കണം. അനാവശ്യമായി ആരോപണം ഉന്നയിക്കരുത്. അധികാരം സിപിഎമ്മിന്റെ കൈയ്യിലാണ്. അന്വേഷിക്കട്ടെ. ലീഗ് എക്കാലത്തും തീവ്രവാദ ആശയത്തെ എതിര്‍ത്തവരാണ്. സിപിഎം തീവ്രവാദ ആശയമുള്ളവരുമായി വിട്ടുവീഴ്ച ചെയ്തു. പൊന്നാനിയില്‍ സംഭവിച്ചത് അതാണ്. തീവ്രവാദ ആശയമുള്ളവരെ ഉയര്‍ത്തി മുസ്ലിം ലീഗിനെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതിയെന്നും പിഎംഎ സലാം പറഞ്ഞു.

പാര്‍ട്ടി സമ്മേളനത്തിന്റെ റേറ്റിങ് കൂട്ടാനാണ് മുസ്ലിം ലീഗിനെ ചര്‍ച്ചകളിലേക്ക് സിപിഎം വലിച്ചിഴയ്ക്കുന്നത്. യുഡിഎഫ് വിട്ട് മുസ്ലിം ലീഗ് എല്‍ഡിഎഫിനൊപ്പം വരുമെന്ന് കോടിയേരി ബാലകൃഷ്ണനോട് ആരാണ് പറഞ്ഞത്. മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നു. മുസ്ലിം ലീഗ് ആവശ്യപ്പെടാത്ത കാര്യത്തില്‍ എന്തിനാണ് ഈ ചര്‍ച്ച. അധികാരമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ഏക പാര്‍ട്ടി സിപിഎം ആണ്. ബംഗാളിലും ത്രിപുരയിലും അത് കണ്ടതാണ്.
പാര്‍ട്ടി സമ്മേളനത്തിന് പ്രചാരം കിട്ടാന്‍ മുസ്ലിം ലീഗിനെ വലിച്ചിഴച്ചത് ശരിയായില്ല. കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ മുസ്ലിം ലീഗിന് നാണമില്ലേ എന്ന് ബേബി ചോദിക്കുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുള്ള മുന്നണിയിലാണ് സിപിഎം. എന്നിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, ബംഗാളിലും സിപിഎമ്മും കോണ്‍ഗ്രസും സഖ്യമാണ്. മുസ്ലിം ലീഗിന്റെ നയം പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ലിം ലീഗ്. മുന്നണിയില്‍ നിന്ന് മാറേണ്ട സാഹചര്യമേയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് അടുക്കുന്നു എന്ന മട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രചാരണങ്ങളുണ്ടായിരുന്നു. കെടി ജലീലും ലീഗ് നേതാക്കളും ഒരു ചടങ്ങിനിടെ കണ്ടതും, തോമസ് ഐസക് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം.












Click it and Unblock the Notifications