മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്
മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെപിഎം റിയാസിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇതുവരെ കേസെടുത്തില്ല. അഞ്ച് ദിവസം ചികില്‍സയിലായിരുന്ന റിയാസ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. തിരൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്റ്റേഷനിലേക്ക് വിവരം കൈമാറിയിരുന്നെങ്കിലും മൊഴിയെടുക്കാന്‍ പോലീസ് എത്തിയില്ല. തന്നെ മര്‍ദ്ദിച്ച തിരൂര്‍ സിഐ ടിപി ഫര്‍ഷാദിനെതിരെ കേസെടുക്കണമെന്നും നടപടി വേണമെന്നും റിയാസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലും നടപടിയുണ്ടായില്ല.

സിഐയെ സസ്‌പെന്റ് ചെയ്യണം, അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്നീ ആവശ്യങ്ങളാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നോട്ടുവെക്കുന്നത്. ഈ രണ്ട് ആവശ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. മാധ്യമം ദിനപത്രത്തിലെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് കെപിഎം റിയാസ്. കെയുഡബ്ല്യുജെ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ്. പുറത്തൂരിലെ തന്റെ വീടിനടുത്ത കടയിലേക്ക് പോയ വേളയിലാണ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ റിയാസിനെ ക്രൂരമായി തല്ലിച്ചതച്ചത്. കൈകാലുകള്‍ക്കും തോളിനും സാരമായ പരിക്കേറ്റിരുന്നു. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞെങ്കിലും സിഐ അറപ്പുളവാക്കുന്ന തെറി വിളിച്ചു എന്നാണ് റിയാസ് പറയുന്നത്.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിയാസിന്റെ മൊഴി എടുക്കാനോ പരാതിയില്‍ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സിഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കെയുഡബ്ല്യുജെ മലപ്പുറം എസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. റിയാസിനെ മര്‍ദ്ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സിഐയെ സ്ഥലം മാറ്റിയിരുന്നു. പുതിയ നിയമനം നല്‍കിയിട്ടില്ല. തിരൂരില്‍ പുതിയ സിഐയെ നിയമിച്ചിട്ടുമില്ല. സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെ മറവില്‍ പോലീസ് ജനങ്ങളെ കൈയ്യേറ്റം ചെയ്ത സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂട്ടിലങ്ങാടിയിലും വാണിയമ്പലത്തും യുവാക്കളെ പോലീസ് മര്‍ദ്ദിച്ചത് വലിയ ചര്‍ച്ചയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഓഫീസില്‍ എത്തിച്ച് മടങ്ങുകയായിരുന്ന അവരുടെ ഭര്‍ത്താവിനെ പരപ്പനങ്ങാടി പോലീസ് മര്‍ദ്ദിച്ച സംഭവവുമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളും ജലരേഖയായി.












Click it and Unblock the Notifications