എന്തിനാണ് പിസിവി നല്‍കുന്നത്; മലപ്പുറത്ത് വാക്‌സിനേഷന്‍ തുടങ്ങി, കുഞ്ഞിന് ഒന്നര മാസമായാല്‍...
മലപ്പുറം: ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് (പിസിവി) വാക്സിന്‍ നല്‍കി തുടങ്ങി. യൂനിവേഴ്സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിനാണ് ഇന്ന് മുതല്‍ നല്‍കി തുടങ്ങിയത്. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന നിര്‍വഹിച്ചു.
ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കണം. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിന്‍നെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒന്‍പത് മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കുന്നത്. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്.

സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. രാജ്യത്ത് പിസിവി വാക്സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 2,000 രൂപ വരെ വിലയുള്ള പിസിവി വാക്സിന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
അതേസമയം, ജില്ലയില്‍ ഇന്ന് 931 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കം വഴി 918 പേര്‍ക്കാണ് രോഗബാധ. 10.4 ശതമാനമാണ് ജില്ലയിലെ ടിപിആര്‍. 1,153 പേര്‍ ബുധനാഴ്ച മാത്രം കോവിഡ് മുക്തരായി. 40,230 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 10,546 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications