പഞ്ചവർണ തത്തയെ തരാമെന്ന് പറഞ്ഞുപറ്റിച്ചു; മൂന്നര ലക്ഷം തട്ടിയ യുവാവ് പോലീസ് പിടിയിൽ
മലപ്പുറം: പഞ്ചവര്‍ണതത്തയെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞുപറ്റിച്ച് ഓണ്‍ലൈന്‍വഴി പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. മലപ്പുറം വളാഞ്ചേരി പോലീസാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി റിയാസ് എന്ന് വിളിക്കുന്ന നിവിന്‍ ജെ ഫെര്‍ണാണ്ടസാണ് കേസിൽ പിടിയിലായത്.
ഫേസ്‍ബുക്ക്, വാട്‍സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈൻ മുഖാന്തരവും പഞ്ചവര്‍ണത്തത്തകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന വ്യാജ പരസ്യം നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതി ഉയർന്നതോടെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

പഞ്ചവര്‍ണത്തയെ നൽകാമെന്ന് പറഞ്ഞുകൊണ്ട് മൂന്നരലക്ഷം രൂപയ്ക്ക് വില്‍പ്പന കരാറാക്കി ഇയാള്‍ പലരില്‍നിന്ന് പണം തട്ടുകയായിരുന്നു. പിന്നീട് റിയാസിന്റെ വിവരം ഒന്നും ഇല്ലാതായതോടെ കബളിപ്പിക്കപ്പെട്ട ഇരിമ്പിളിയം സ്വദേശി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ സമാന പരാതിയുമായി കൂടുതൽ പേർ പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് എല്ലാ പരാതികളും ഒറ്റക്കേസായി രജിസ്‌റ്റർ ചെയ്‌ത് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനായ ഇരിമ്പിളിയം സ്വദേശിയില്‍നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തശേഷം മുന്നറിയിപ്പൊന്നും കൂടാതെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്‌ത് മുങ്ങുകയായിരുന്നു റിയാസ്.
തുടർന്ന് പരാതിക്കാരുടെ തന്ത്രപരമായ നീക്കത്തില്‍ പ്രതി ഒളിവില്‍ക്കഴിയുന്ന സ്ഥലം തിരിച്ചറിയുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു. സംസ്ഥാനത്ത് പലയിടത്തും ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നതിന് ഇടയിലാണ് ഈ പുതിയ വാർത്തയും പുറത്തുവരുന്നത്.












Click it and Unblock the Notifications