താനൂര്‍ ബോട്ട് ദുരന്തം; അപകടത്തിന് കാരണം ഓവര്‍ലോഡ്, അനുവദിച്ച സമയത്തിന് ശേഷവും സര്‍വീസ്
മലപ്പുറം: താനൂരില്‍ ഹൗസ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിന് കാരണം ചട്ടലംഘനവും അശ്രദ്ധയും മൂലമെന്ന് പ്രദേശവാസികള്‍. ആറ് മണിക്ക് ശേഷം വിനോദ സഞ്ചാര ബോട്ടുകള്‍ സര്‍വീസ് നടത്തരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് മറികടന്ന് കൊണ്ട് സര്‍വീസ് നടത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഞായറാഴ്ചയായതിനാല്‍ തന്നെ നിരവധി പേര്‍ ബീച്ചില്‍ എത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ കയറിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുനിലയുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ മാര്‍ഗങ്ങളും നല്‍കിയിരുന്നില്ല. 40 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ബോട്ട് ആദ്യം ഇടത്തോട്ട് ചെരിയുകയായിരുന്നു. രാത്രിയായതിനാലും വെളിച്ച ക്കുറവ് കാരണവും രക്ഷപ്രവര്‍ത്തനത്തിന് ആദ്യം തടസം നേരിട്ടു. ചെറുബോട്ടുകളിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടലും കായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ഫയര്‍ ഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ കോട്ടക്കല്‍, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ അബ്ദുറഹ്‌മാനും മുഹമ്മദ് റിയാസും താനൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍നടപടികള്‍ക്കുമായി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
40 ഓളം ആളുകളെ ടിക്കറ്റ് കൊടുത്ത് ബോട്ടിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന് താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ നിസാമുദ്ദീന്‍ പറഞ്ഞു. ബോട്ട് കരക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബോട്ട് വെട്ടിപ്പൊളിച്ച് ബോട്ടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നും മരണസംഖ്യ ഉയര്‍ന്നേക്കും എന്നുമാണ് മലപ്പുറം എസ്പി അറിയിക്കുന്നത്.












Click it and Unblock the Notifications