താനൂര്‍ ബോട്ടപകടം: മരിച്ച 12 പേരെ തിരിച്ചറിഞ്ഞു, അപകടത്തില്‍പ്പെട്ടവരില്‍ പൊലീസുകാരനും
മലപ്പുറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച 21 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. മരിച്ച പത്ത് പേരുടെ പേര് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. അപകടത്തില്‍ ഒരു പൊലീസുകാരനും മരിച്ചിട്ടുണ്ട്. ഇദ്ദേഹം കുടുംബസമേതമാണ് ബോട്ടില്‍ യാത്ര ചെയ്തത് എന്നാണ് വിവരം. കോട്ടക്കല്‍ മിംസില്‍ പ്രവേശിപ്പിച്ച് എട്ട് പേരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഓലപ്പീടിക സ്വദേശി സിദ്ദീഖ് (35), മക്കള്‍ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (4), പരപ്പനങ്ങാടി സ്വദേശി സൈതലവിയുടെ മക്കളായ ഹസ്‌ന (18), സഫ്‌ല(7), പരപ്പനങ്ങാടി ആലില്‍ ബീച്ച് സ്വദേശി ജല്‍സിയ ജാബിര്‍, പട്ടിക്കാട് സ്വദേശി അന്‍ഷിദ്, പട്ടിക്കാട് സ്വദേശി അസീമിന്റെ മകന്‍ അഫ്‌ളാഹ് (7), ആവായില്‍ ബീച്ച് സ്വദേശി റസീന കുന്നുമ്മല്‍, താനൂര്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ സദറുദ്ദീന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

11 പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട് എന്നാണ് വിവരം. അതേസമയം എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം താനൂര്‍ ബോട്ട് അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിങ്കളാഴ്ച താനൂരിലെത്തും എന്നും അറിയിച്ചിട്ടുണ്ട്.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി, പരപ്പനങ്ങാടി നഹാസ് ആശുപത്രി, താനൂര്‍ മിഷന്‍ ആശുപത്രി, താനൂര്‍ ദയ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ബോട്ടപകടത്തില്‍ ഇരയായവരെ എത്തിച്ചിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാത്രി 7 മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ ദുരന്തം. വൈകീട്ട് 5.30 വരെയാണ് സര്‍വീസിന് അനുമതിയുള്ളത് എന്നിരിക്കെ ആറ് മണിക്ക് ശേഷവും ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ പേര്‍ ബീച്ചിലെത്തിയിരുന്നു. 40 ലധികം പേര്‍ ബോട്ടില്‍ കയറിയിട്ടുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല.












Click it and Unblock the Notifications