താനൂര്‍ ബോട്ടപകടം: ഒന്ന് ചെരിഞ്ഞതോടെ എല്ലാവരും അങ്ങോട്ടുനീങ്ങി, പിന്നെ നടന്നത്...; യാത്രക്കാരന്‍ പറയുന്നു
മലപ്പുറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍തീരത്ത് ഉണ്ടായ ബോട്ട് അപകടത്തില്‍ 40-50 യാത്രക്കാര്‍ അകപ്പെട്ടിട്ടുണ്ട് എന്ന് ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട താനൂര്‍ സ്വദേശിയായ ഷഫീഖ്. രാത്രി ഏഴ് മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തത് എന്നും ഷഫീഖ് പറഞ്ഞു. കരയില്‍നിന്ന് അര കിലോമീറ്ററോളം പോയപ്പോള്‍ ബോട്ട് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ആ വശത്തേക്ക് നീങ്ങി.
അവിടെ ഭാരമേറിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് ഷഫീഖ് പറയുന്നത്. യാത്രക്കാരില്‍ കൂടുതലും കുട്ടികളും സ്ത്രീകളും ആയിരുന്നു എന്നും ഷഫീഖ് പറയുന്നു. യാത്രക്കാരില്‍ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ബോട്ട് അപകടത്തില്‍പ്പെട്ട സ്ഥലത്ത് നല്ല ആഴമുണ്ടെന്നും ഷഫീഖ് പറഞ്ഞു. രണ്ടു നിലയുള്ള ബോട്ട് തലകീഴായി മറിയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കരയില്‍ നിന്ന് അര കിലോമീറ്റര്‍ എത്തുന്നതിന് മുന്‍പ് തന്നെ ബോട്ട് ഇടത് വശത്തേക്ക് ചെരിയുകയായിരുന്നു. തങ്ങള്‍ റെസ്‌ക്യൂ പ്രവര്‍ത്തകരാണ് എന്നും ബോട്ടിന്റെ മുകളിലാണ് നിന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം സംഭവം മനസ്സിലായില്ല എന്നും ഇതിനിടെ ബോട്ട് മുങ്ങിപ്പൊങ്ങി എന്നും ഷഫീഖ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ തങ്ങള്‍ മുകളിലുണ്ടായിരുന്ന കുറച്ചുപേരെ പിടിച്ച് തോണിയില്‍ കയറ്റി എന്നും ഷഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു.
മറ്റു ബോട്ടുകള്‍ക്ക് ഉടന്‍ സ്ഥലത്തെത്താന്‍ സാധിക്കാതിരുന്നത് പ്രശ്‌നമായി എന്നും ഇതിനിടെ ഈ ബോട്ടിന്റെ പിന്നാലെ വന്ന ഒരു ഹൗസ്‌ബോട്ട് ഉടന്‍ കരയിലേക്കു പോയി ആളെ ഇറക്കി തിരിച്ചുവന്നാണ് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ തന്നെ മത്സ്യത്തൊഴിലാളികളുടെ രണ്ട് ബോട്ടുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം 8- 10 പേരെ ഈ ബോട്ടില്‍ കയറ്റി പുറത്തേക്കെത്തിച്ചു.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
മൂന്ന് കുട്ടികളെയും രണ്ട് സ്ത്രീകളെയും താന്‍ പിടിച്ചുകയറ്റി എന്നും ആ സമയത്ത് സാധ്യമായത് പോലെ അവര്‍ക്ക് സിപിആറെല്ലാം നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ബോട്ടിന്റെ താഴെ നിലയില്‍ ഉണ്ടായിരുന്നവര്‍ക്കാണ് കാര്യമായ അപകടം സംഭവിച്ചിരിക്കുന്നത്. താഴെ നിലയില്‍ രണ്ട് വശത്തുമായി ഓരോ വാതിലുകള്‍ മാത്രമാണ് ഉള്ളത്. വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു എന്ന് ഷഫീഖ് കൂട്ടിച്ചേര്‍ത്തു.
ബോട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ചതോടെയാണ് പുറത്തുള്ളവര്‍ അപകട വിവരമറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് പുഴയ്ക്ക് വീതി കൂടുതലാണ്. അതിനാല്‍ പുറത്തുള്ളവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നും ഷഫീഖ് പറഞ്ഞു.












Click it and Unblock the Notifications