താനൂര്‍ ബോട്ടപകടം: സബറുദ്ദീന്‍ ബോട്ടില്‍ കയറിയത് ലഹരിക്കേസിലെ പ്രതിയെ പിടിക്കാന്‍..!; മരണം ഡ്യൂട്ടിക്കിടെ
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച സബറുദ്ദീന്‍ അപകടത്തില്‍പ്പെട്ടത് ഡ്യൂട്ടിക്കിടെ. തൂവല്‍ത്തീരത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയെത്തിയതായിരുന്നു സബറുദ്ദീന്‍. അപകടമുണ്ടാക്കിയ ബോട്ടില്‍ സബറുദ്ദീന്‍ കയറിയതും പ്രതിയെ പിടികൂടാനായിരുന്നു എന്നാണ് താനൂര്‍ ഡി വൈ എസ് പി സ്ഥിരീകരിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പിന്തുടര്‍ന്നാണ് സബറുദ്ദീന്‍ ഇവിടെ എത്തിയത്.
അപ്പോഴാണ് ബോട്ടില്‍ നിരവധി ആളുകള്‍ കയറുന്നത് സബറുദ്ദീന്‍ കണ്ടത്. പ്രതി ബോട്ടിലുണ്ടായിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് സബറുദ്ദീന്‍ ബോട്ടില്‍ കയറി. മഫ്തിയില്‍ ആയിരുന്നു ഇദ്ദേഹം. ബോട്ടില്‍ താഴെയും മുകളിലുമായി സബറുദ്ദീന്‍ പരിശോധനയും നടത്തിയിട്ടുണ്ട് എന്ന കാര്യവും താനൂര്‍ ഡി വൈ എസ് പി സ്ഥിരീകരിക്കുന്നുണ്ട്. തൂവല്‍ത്തീരത്തേക്ക് പോകുന്നതിന് മുന്‍പ് ബന്ധുക്കളില്‍ ഒരാളോടും പൊലീസുകാരോടും സബറുദ്ദീന്‍ വിവരം കൈമാറിയിരുന്നു.

മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാന്‍ പോവുകയാണ് താനെന്ന് ഇവരോട് പറഞ്ഞിരുന്നു എന്നാണ് താനൂര്‍ ഡിവൈഎസ്പി പറയുന്നത്. മലപ്പുറം എസ് പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ദീന്‍. കേരള പൊലീസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്ന സബറുദ്ദീന്റെ വിയോഗത്തില്‍ നിന്നും സഹപ്രവര്‍ത്തകരും ബന്ധുക്കളും ഇനിയും മോചിതരായിട്ടില്ല.
നിരവധി മോഷണക്കേസിലും ലഹരിക്കേസിലും തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് സബറുദ്ദീന്‍. മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന്റെ ദൃഢപ്രതിജ്ഞ ശ്രദ്ധേയമായിരുന്നു. താനൂര്‍ ബീച്ച് റോഡിലെ മില്‍മ ബൂത്തിലെ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലായിരുന്നു സബറുദ്ദീന്റെ ഈ പ്രതിജ്ഞ. താനൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ആയിരുന്നു സ്‌കൂട്ടറുമായി മോഷ്ടാവ് കടന്ന് കളഞ്ഞത്.
ഇതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. എന്നാലും മുഖം മറച്ചതിനാല്‍ ആളെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ല. മോഷ്ടാവിനെ തേടി ദിവസങ്ങള്‍ അലഞ്ഞിട്ടും പൊലീസുകാര്‍ക്ക് പ്രതിയെ പിടികൂടാനായില്ല. ഇതിനിടെ, മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ സബറുദ്ദീന്‍ മോഷ്ടാവിനെ പിടികൂടാതെ ഇനി താന്‍ മുടി വെട്ടില്ലെന്ന് പറഞ്ഞ് ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ഇറങ്ങുകയായിരുന്നു.
താമസിയാതെ സബറുദ്ദീനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സലേഷും ചേര്‍ന്ന് പതിനഞ്ചുകാരനായ പ്രതിയെ പിടികൂടി. മോഷണം നടന്ന് എട്ടാം നാളായിരുന്നു ഇത്. ഇതിന് ശേഷമാണ് സബറുദ്ദീന്‍ വീണ്ടും ബാര്‍ബര്‍ ഷോപ്പിലെത്തി മുടി മുറിച്ചത്. സബറുദ്ദീന്റേത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു ഇദ്ദേഹം.
പൊലീസുകാരനാവണം എന്ന മോഹം ഉള്ളില്‍ വെച്ച് ആത്മാര്‍ത്ഥമായി പഠിച്ച് സിവില്‍ പൊലീസ് ഓഫീസറായി ജോലി നേടിയ ആളാണ് സബറുദ്ദീന്‍. വെകാതെ തന്റെ മികവ് കൊണ്ട് സബറുദ്ദീന്‍ സേനക്കുള്ളില്‍ പേരെടുത്തു. ഇത്മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വോഡില്‍ അംഗമാകുന്നതിലേക്കും നയിച്ചു. സബറുദ്ദീന്‍ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നു എന്ന് ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
എന്നാല്‍ രക്ഷപ്പെട്ടിട്ടുണ്ടാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബോട്ട് മുങ്ങിയപ്പോള്‍ സബറുദ്ദീന്‍ ബോട്ടിന്റെ അടിയില്‍പ്പെട്ടു. അതിനാല്‍ തന്നെ ബോട്ട് കരക്കെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം സബറുദ്ദീന്‍ കുടുംബ സമേതമാണ് ബോട്ടില്‍ എത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീടാണ് ഒറ്റക്കായിരുന്നു എന്ന് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications