നിലമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ടോര്‍ച്ച് മാര്‍ച്ച്; വിവാദം കൊഴുക്കുന്നു... അന്‍വര്‍ എവിടെ?
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ അസാന്നിധ്യം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യുഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാത്രി ടോര്‍ച്ച് മാര്‍ച്ച് സംഘടിപ്പിക്കും. അന്‍വറിനെ കാണാനില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രചാരണം. നിലമ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. നേരത്തെ അന്‍വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു.
നിമയസഭയിലെ അന്‍വറിന്റെ അസാന്നിധ്യം യുഡിഎഫ് വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ സതീശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് അന്‍വര്‍ മറുപടി നല്‍കിയത്. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് അന്‍വറിപ്പോള്‍. അവിടെ ബിസിനസ് ആവശ്യാര്‍ഥം പോയതാണെന്നും സ്വര്‍ണ ഖനനമാണെന്നും അന്‍വര്‍ നേരത്തെ വീഡിയോ വഴി പറഞ്ഞിരുന്നു. അവിടെയുള്ള ചിത്രങ്ങളും മറ്റും അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്. 15ാം കേരള നിയമസഭ 29 ദിവസം ചേര്‍ന്നപ്പോള്‍ അന്‍വര്‍ അഞ്ച് ദിവസം മാത്രമാണ് സഭയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും അദ്ദേഹം വിദേശത്തായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച വേളയിലാണ് അന്‍വര്‍ നാട്ടിലെത്തിയതും പ്രചാരണം തുടങ്ങിയതും. എങ്കിലും നിലമ്പൂരിലെ ജനങ്ങള്‍ വീണ്ടും അന്‍വറിനെ തന്നെ തിരഞ്ഞെടുത്തു.
മുഖ്യമന്ത്രിയെയും ബന്ധപ്പെട്ടവരെയും താന്‍ വിദേശത്ത് പോകുന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും മണ്ഡലത്തിലെ കാര്യങ്ങളില്‍ യാതൊരു മുടക്കവും സംഭവിക്കുന്നില്ലെന്നുമാണ് അന്‍വര്‍ നേരത്തെ വീഡിയോയില്‍ വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടി. എന്നാല്‍ ഒരു ജനപ്രതിനിധി ഇത്രയും കാലം വിദേശത്ത് പോയാല്‍ മണ്ഡലത്തിലെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹത്തിന് എന്താണ് റോള്‍ എന്നാണ് യുഡിഎഫിന്റെ ചോദ്യം.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍
15ാം നിയമസഭയുടെ ആദ്യ സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ചേര്‍ന്നത്. ആദ്യ സമ്മേളനത്തില്‍ അന്‍വര്‍ അഞ്ച് ദിവസം പങ്കെടുത്തു. രണ്ടാമത്തെ സമ്മേളനത്തില്‍ പങ്കെടുത്തതേയില്ല. മൂന്നാം സമ്മേളനം ഈ മാസം 4ന് ആരംഭിച്ചിട്ടും അന്‍വര്‍ എത്തിയില്ല. അവധി അപേക്ഷയും നല്‍കിയതുമില്ല. സഭയില്‍ ഹാജരാകുന്നത് മാത്രമല്ല വിഷയം. ഒട്ടേറെ സഭാ സമിതികളില്‍ അന്‍വര്‍ അംഗമാണ്. ഇതിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. 15ാം തിയ്യതി അന്‍വര്‍ എംഎല്‍എ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നിമയസഭയില്‍ എപ്പോള്‍ വരണം എന്ന് തനിക്കറിയാമെന്നാണ് അന്‍വര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ മറുപടി. വിഡി സതീശന്റെ ഉപദേശം തനിക്ക് വേണ്ട. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും എനിക്കറിയാം. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ അറിയാമെന്നും ഫേസ്ബുക്ക് വഴി അന്‍വര്‍ മറുപടി നല്‍കിയിരുന്നു.












Click it and Unblock the Notifications