'രാവിലെ സ്ത്രീകളെ പൂജിക്കുന്നു, രാത്രിയില്‍ ബലാത്സംഗം ചെയ്യുന്നു' വിവാദത്തിലായി നടന്റെ പരാമര്‍ശം
മുംബൈ: ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസ് വലിയ വിവാദത്തില്‍ വീണിരിക്കുകയാണ്. അമേരിക്കയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ വീര്‍ ദാസ് നടത്തിയ ഒരു മോണോലോഗ് ഇന്ത്യയെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ ഒരു വീഡിയോ യുട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നായിരുന്നു ഈ വീഡിയോയുടെ തലക്കെട്ട്. വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ അദ്ദേഹം നടത്തിയ ഒരു പരിപാടിയുടെ വീഡിയോയായിരുന്നു ഇത്. കൊവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയാണ് ഈ വീഡിയോയുടെ ഭാഗമായിരുന്നത്.

സ്ത്രീകളെ പകല്‍ നേരങ്ങളില്‍ ആരാധിക്കുകയും രാത്രികാലങ്ങളില്‍ കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന വീര്‍ ദാസിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. വിഷയത്തെ സാമാന്യവല്‍ക്കരിക്കുകയാണ് വീര്‍ ദാസ് ചെയ്തതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തെ പിന്തുണച്ചവരും ധാരാളമുണ്ട്. സ്വന്തം രാജ്യത്തെ അപമാനിച്ച് പണം കണ്ടെത്തുന്ന ഒരിന്ത്യയില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. നിങ്ങളുടെ വൃത്തിക്കെട്ട പരാമര്‍ശങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമായി കാണുന്ന ഇന്ത്യയില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. നിങ്ങളുടെ വിടുവായത്തം സഹിഷ്ണുതയോടെ കാണുന്ന ഇന്ത്യയിലാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും കമന്റുകള്‍ വരുന്നുണ്ട്.
യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ട് ഇന്ത്യ എന്ന പരാമര്‍ശത്തെയാണ് എല്ലാവരും എതിര്‍ക്കുന്നത്. ചിലയിടത്ത് നടക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാണിച്ച്, ഇന്ത്യ മുഴുവന്‍ അങ്ങനെയാണെന്ന് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് പലരും പറയുന്നു. ഇതിനെ ധീരത എന്ന് പറയാനാവില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം വിവാദമുയര്‍ന്നതോടെ വീര്‍ ദാസ് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഉദ്ദേശം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.
എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള്‍ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഫോക്കസ് മാറി പോകരുതെന്നും നടന്‍ പറയുന്നു. രാജ്യസ്‌നേഹത്തില്‍ കുതിര്‍ന്ന കൈയ്യടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളില്‍ പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയ്യടികള്‍ കിട്ടിയത്. ചില വീഡിയോകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാന്‍ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വീര്‍ ദാസ് പറഞ്ഞു.












Click it and Unblock the Notifications