ബോളിവുഡിന്റെ ഡിസ്‌കോ കിംഗ് ബപ്പി ലാഹിരി അന്തരിച്ചു, അന്ത്യം മുംബൈയിലെ ആശുപത്രിയില്‍
മുംബൈ: ഇന്ത്യന്‍ യുവത്വത്തെ ഡിസ്‌കോ ഗാനങ്ങളിലൂടെ ത്രസിപ്പിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ബെഡ് റെസ്റ്റിലായിരുന്നു. വീല്‍ചെയറിനൊപ്പം ലിഫ്റ്റും അദ്ദേഹത്തിന്റെ ജുഹുവിലെ വീട്ടില്‍ ഒരുക്കിയിരുന്നു. എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വേണ്ടിയിട്ടായിരുന്നു ഇത്. അദ്ദേഹത്തിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ബപ്പി ലാഹിരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഡോക്ടര്‍മാര്‍ തീവ്രമായി പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
Recommended Video

1980കളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഡിസ്‌കോ ഗാനങ്ങള്‍ പലതും ലാഹിരിയുടേതായിരുന്നു. യുവാക്കളെ ത്രസിപ്പിച്ച പല സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും ബപ്പി ലാഹിരി ഒരുക്കി. കുറച്ച് കാലമായി അദ്ദേഹം നിരന്തരം അസുഖബാധിതനായിരുന്നു. ആശുപത്രിയില്‍ കയറിയിറങ്ങാനേ സമയമുണ്ടായിരുന്നുള്ളൂ. 1973ല്‍ നന്‍ഹ ശിക്കാരിയിലൂടെയായിരുന്നു ബപ്പി ലാഹിരി വരവറിയിച്ചത്. കിഷോര്‍ കുമാര്‍ ചിത്രത്തില്‍ ഒരു നടനായിട്ടായിരുന്നു ബോളിവുഡില്‍ തന്റെ അരങ്ങേറ്റമെന്ന് ബപ്പി ലാഹിരി നേരത്തെ പറഞ്ഞിരുന്നു. ഇത് കിഷോര്‍ കുമാര്‍ ചിത്രമായ ബഡ്തി കാ നാം ദഡ്തി എന്ന ചിത്രമായിരുന്നു ഇത്. ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ഷരാബി തുടങ്ങിയ ഡിസ്‌കോ ഗാനങ്ങള്‍ ലാഹിരിയില്‍ നിന്ന് പിറന്നവയാണ്. വലിയ ട്രെന്‍ഡ് സെറ്ററായിരുന്നു ഈ ഗാനങ്ങള്‍.
ബാഗി ത്രീയിലെ ബന്‍കാസ് എന്ന ഗാനമാണ് അവസാനമായി ബപ്പി ലാഹിരി ചിട്ടപ്പെടുത്തിയത്. ഇത് 2020ലാണ് റിലീസായത്. ബിഗ് ബോസിന്റെ പതിനഞ്ചാം സീസണില്‍ സല്‍മാന്‍ ഖാനൊപ്പം ബപ്പി ലാഹിരി വേദിയിലെത്തിയിരുന്നു. പേരക്കുട്ടി സ്വസ്തിക്കിന്റെ പുതിയ ഗാനം ബച്ച പാര്‍ട്ടിയുടെ പ്രമോഷന് വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. ഇതായിരുന്നു പൊതുവേദിയില്‍ അദ്ദേഹം അവസാനമായി വന്നത്. പ്രമുഖരെല്ലാം ബപ്പിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന എക്കാലത്തെയും മികച്ച ഗാനങ്ങള്‍ നല്‍കിയ ബപ്പി ലാഹിരിയെ എല്ലാവരും എല്ലാകാലവും ഓര്‍ത്തിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പറഞ്ഞു.
ബപ്പി ലാഹിരിയുടെ സംഗീതത്തിന് എപ്പോഴും ഭംഗിയുണ്ടായിരുന്നു. വളരെ കണ്‍റ്റമ്പററിയായിട്ടുള്ള സ്റ്റൈല്‍ അദ്ദേഹമാണ് ഹിന്ദി സിനിമയില്‍ കൊണ്ടുവന്നതെന്നും ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പറഞ്ഞു. മറ്റൊരു ഇതിഹാസത്തെയാണ് നഷ്ടമായതെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത ട്വീറ്റ് ചെയ്തു. അതേസമയം ആശുപത്രിയിലെത്തുമ്പോള്‍ ബപ്പി ലാഹിരിയുടെ രക്തസമ്മര്‍ദം വളരെ കുറവായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പള്‍സും ഇല്ലായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ വൈകിപ്പോയിരുന്നുവെന്ന് ഡോ ദീപ് നംജോഷി പറഞ്ഞു.












Click it and Unblock the Notifications