ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ പുതിയ ചലനം, വിമതര്‍ ജാഗ്രതയില്‍
മുംബൈ: ഏകനാഥ് ഷിന്‍ഡെക്കൊപ്പമുള്ള വിമതര്‍ ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രീപീകരിക്കുമെന്ന സൂചനകള്‍ക്കിടെ ശിവസേന കളിമാറ്റുന്നു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയാണ് പുതിയ ചില നീക്കങ്ങള്‍ നടത്തുന്നത്. വിമതര്‍ അസമിലെ ഗുവാഹത്തിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരുമായി നേരിട്ട് ബന്ധപ്പെടാന്‍ ശിവസേന നേതൃത്വത്തിന് സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ രശ്മി വിമതരുടെ ഭാര്യമാരുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ സംസാരിച്ച് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. വിമതരുടെ മനസിളകിയാല്‍ ബിജെപിയുടെ നീക്കം പാളും. 24 വിമതര്‍ തിരിച്ചെത്തിയാല്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

രശ്മി താക്കറെ വിമതരുടെ ഓരോരുത്തരുടെയും ഭാര്യമാരുമായി സംസാരിക്കുന്നുവെന്നാണ് വിവരം. വിമതരെ നേരിട്ട് വിളിക്കാന്‍ സാധിക്കുന്നില്ല. ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലിലാണ് വിമതര്‍ ആദ്യം താമസിച്ചത്. ഇവരെ കാണാന്‍ രണ്ടു മുതിര്‍ന്ന നേതാക്കളെ ഉദ്ധവ് താക്കറെ അയച്ചിരുന്നു. തൊട്ടുപിന്നാലെ വിമതര്‍ ഗുവാഹത്തിയിലേക്ക് പോകുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയോളമായി വിമതര്‍ മഹാരാഷ്ട്രയ്ക്ക് പുറത്താണ്. ആദ്യം ഗുജറാത്തിലെ സൂറത്തിലും ഇപ്പോള്‍ അസമിലെ ഗുവാഹത്തിയിലുമാണ് വിമതര്‍ താമസിക്കുന്നത്. ഇവരില്‍ ഓരോരുത്തരുമായി സംസാരിക്കാന്‍ സാധിച്ചാല്‍ സര്‍ക്കാര്‍ വീഴില്ലെന്നാണ് ഉദ്ധവ് താക്കറെയുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 വിമതരാണ് സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നത് എന്നാണ് വിവരം. കോണ്‍ഗ്രസുമായും എന്‍സിപിയുമായും ഒത്തുപോകാന്‍ സാധിക്കില്ലെന്ന് ഇവര്‍ പറയുന്നു. ബിജെപിയുമായി മാത്രമേ ഹിന്ദുത്വ ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ശിവസേനയ്ക്ക് ചേരാന്‍ സാധിക്കൂ എന്നാണ് വിമതര്‍ പറയുന്നത്. സ്വതന്ത്ര്യര്‍ ഉള്‍പ്പെടെ 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു.

ഈ സാഹചര്യത്തിലാണ് ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടിയുമായി ശിവസേന നേതൃത്വം മുന്നോട്ട് പോകുന്നത്. വിമതര്‍ വീട്ടുകാരുമായി സംസാരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് രശ്മി താക്കറെ ഭാര്യമാര്‍ വഴി വിമതരെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നത്. ഇതോടെ വിമത നേതാക്കള്‍ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച വൈകീട്ട് ചേര്‍ന്നിരുന്നു. ശിവസേനയുടെ പേരോ ബാല്‍ താക്കറെയുടെ പോരോ വിമതര്‍ ഉപയോഗിക്കുന്നതിനെതിരെ യോഗം പ്രമേയം പാസാക്കി. ഉദ്ധവ് താക്കറെക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. പേരും ചിഹ്നവും മറ്റൊരു കക്ഷികള്‍ക്കും നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് ക്മ്മീഷനോട് ശിവസേന ആവശ്യപ്പെട്ടു.

അതേസമയം, ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി ഗുജറാത്തില്‍ വച്ച് ഷിന്‍ഡെ ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമതരുടെ ചതി ഒരിക്കലും ശിവസേന മറക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം പ്രതികരിച്ചു. എത്രകാലം വിമതര്‍ അസമില്‍ ഒളിച്ചിരിക്കുമെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു. ആദ്യം മുംബൈയില്‍ തിരിച്ചെത്തൂ, ശേഷം ചര്‍ച്ച നടത്താമെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്.

287 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഇപ്പോഴുള്ളത്. 144 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താന്‍ സാധിക്കും. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന് 169 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ ശിവസേന വിട്ടാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം കുറയുമെന്നും സര്‍ക്കാര്‍ വീഴുമെന്നതുമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം.












Click it and Unblock the Notifications