അവര്‍ക്ക് ഭ്രാന്ത്, പാക് അധിന കശ്മീരിലേക്ക് പോകട്ടെ, കങ്കണയുമായി പോരിന് മഹാരാഷ്ട്ര പാര്‍ട്ടികള്‍!!
മുംബൈ: കങ്കണ റനൗത്തിന്റെ പാകധീന കശ്മീര്‍ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. കങ്കണ റനൗത്തിന് ഭ്രാന്താണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുംബൈ പാകധീന കശ്മീര്‍ പോലെയാണെന്ന് നേരത്തെ കങ്കണ ആരോപിച്ചിരുന്നു. കങ്കണ ശരിക്കുമൊരു മെന്‍ഡല്‍ കേസാണ്. ഭക്ഷണം കഴിക്കുന്ന പ്ലേറ്റില്‍ തന്നെയാണ് അവര്‍ തുപ്പുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും റാവത്ത് ആരോപിച്ചു. അവര്‍ പാകധീന കശ്മീരിലേക്ക് തന്നെ പോകട്ടെയെന്നും റാവത്ത് പറഞ്ഞു.

കങ്കണയ്ക്ക് പാകധീന കശ്മീരിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഫണ്ടൊരുക്കണം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അവര്‍ അങ്ങോട്ട് പോകട്ടെ. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെങ്കില്‍, അവരുടെ യാത്രയ്ക്ക് ഞങ്ങള്‍ തന്നെ ചെലവ് വഹിക്കാമെന്നും റാവത്ത് പരിഹസിച്ചു. നമ്മുടെ സര്‍ക്കാര്‍ പറയുന്നത് പാകധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ്. എന്നാല്‍ എന്താണ് കങ്കണ ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. കങ്കണ ആര്‍ക്കൊപ്പമാണ്. തീവ്രവാദികളുടെ പക്ഷത്താണോ അവര്‍ ഉള്ളതെന്നും റാവത്ത് ചോദിച്ചു.
കങ്കണയുടെ മനോനിലയെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും റാവത്ത് പറഞ്ഞു. കങ്കണ ഉപയോഗിക്കുന്ന ഭാഷ ഞങ്ങളൊരിക്കലും ഉപയോഗിക്കില്ല. ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. അവര്‍ മഹാരാഷ്ട്രയെയും മുംബൈ പോലീസിനെയും അപമാനിച്ചിരിക്കുകയാണ്. അവര്‍ക്ക് സുരക്ഷ വേണമെങ്കില്‍ ഹിമാചല്‍ പ്രദേശ് പോലീസില്‍ നിന്ന് തന്നെ ആവശ്യപ്പെടട്ടെ. ഒരു കുഴപ്പവുമില്ല. അവരോട് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. ഇത്തരം രീതികളില്‍ ആരും സംസാരിക്കാന്‍ പാടില്ല. മുംബൈ പോലീസ് കോവിഡിനോട് പൊരുതി. മുംബൈ ഭീകരാക്രമണത്തെ നേരിട്ടത് അവരാണ്. ആ പോലീസിനെയാണ് കങ്കണ ചോദ്യം ചെയ്തതെന്നും റാവത്ത് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. കങ്കണ ബിജെപിയുമായി കൈകോര്‍ത്ത് മഹാരാഷ്ട്ര സര്‍ക്കാരിനെ അപമാനിക്കാന്‍ നടക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ഇതിനിടെ ബിജെപിയും അഭിപ്രായങ്ങളെ തിരുത്തി. കങ്കണയുടെ മോശം പരാമര്‍ശങ്ങളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്ന് എംഎല്‍എ രാം കദം പറഞ്ഞു. പാര്‍ട്ടിയുമായി കങ്കണയുടെ പരാമര്‍ശങ്ങളെ ബന്ധിപ്പിക്കരുതെന്ന് മറ്റൊരു നേതാവ് ആശിഷ് ഷെലാര്‍ പറഞ്ഞു. കങ്കണ മുംബൈയെയും ഇവിടെയുള്ള ജനങ്ങളെയും ഒന്നും പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷെലാര്‍ പറഞ്ഞു.












Click it and Unblock the Notifications