തന്നെ അറസ്റ്റ് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്, മുംബൈ പോലീസ് സംരക്ഷണം വേണമെന്ന് സമീര്‍ വാംഖഡെ
മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ മുംബൈ പോലീസ് സംരക്ഷണം തേടി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. തനിക്കെതിരെ മുന്‍വിധിയോടെയുള്ള നിയമനടപടികള്‍ ഉണ്ടാവില്ലെന്ന് മുംബൈ പോലീസ് ഉറപ്പാക്കണമെന്ന് വാംഖഡെ പറയുന്നു. മുംബൈ പോലീസിന് അദ്ദേഹം കത്തെഴുതിയിരിക്കുകയാണ്. അതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തനിക്കെതിരെ ചില അജ്ഞാത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഗൂഢോദേശമാണ് ഇവര്‍ക്കുള്ളതെന്നും സമീര്‍ വാംഖഡെ പറയുന്നു. തന്നെ ഈ കേസുമായി ബന്ധപ്പെട്ട് കുടുക്കാനാണ് ശ്രമമെന്നും വാംഖഡെ പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് തടസ്സമുണ്ടാക്കാന്‍ പാടില്ല. അതിന് മുംബൈ പോലീസിന്റെ സംരക്ഷണം വേണമെന്നും വാംഖഡെ പറഞ്ഞു.

നേരത്തെ ആര്യന്‍ ഖാന്‍ കേസില്‍ നേരത്തെ ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനാണ് ശ്രമിച്ചതെന്ന് കേസിലെ പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. സമീര്‍ വാംഖഡെയുടെ നേതൃത്വത്തില്‍ ഷാരൂഖില്‍ നിന്ന് 25 കോടി ആര്യനെ വിട്ടുകിട്ടാനായി വാങ്ങിയെടുക്കാനായിരുന്നു ശ്രമമെന്നാണ് സാക്ഷിയായ പ്രഭാകര്‍ സലീല്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വാംഖഡെ മുംബൈ പോലീസിനെ അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. നവാക് മാലിക്കിന്റെയും സഞ്ജയ് റാവത്തിന്റെയും നേതൃത്വത്തില്‍ എന്‍സിബിയിലെ പ്രമുഖര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇവര്‍ പരസ്യമായി തന്നെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിബി അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് തന്നെ ചിലര്‍ തന്നോട് വിദ്വേഷം കാണിക്കുന്നുണ്ട്. അവരെന്നെ വ്യാജമായ കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്. പലരും എന്നെ ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്റെ ജോലി തെറിപ്പിക്കുമെന്ന് വരെ പറയുന്നു. കുറച്ച് മാധ്യമങ്ങള്‍ എനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. അവര്‍ക്ക് പിന്നില്‍ സമൂഹത്തിലെ തന്നെ ഉന്നതരാണ് ഉള്ളത്. സമീര്‍ വാംഖഡെ പണം തട്ടിയെടുത്തു എന്നെല്ലാം നവാബ് മാലിക് നേരത്തെ ഉന്നയിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ എന്‍സിബിയുടെ ഡയറക്ടര്‍ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും വാംഖഡെ പറഞ്ഞു.
സാക്ഷിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് എന്‍സിബി അറിയിച്ചത്. പ്രഭാകര്‍ സലീല്‍ കേസിലെ സാക്ഷിയാണ്. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവും. പറയാനുള്ളത് സോഷ്യല്‍ മീഡിയയിലൂടെയല്ല, കോടതിയിലൂടെ പറയുമെന്നും എന്‍സിബി പറഞ്ഞു. നേരത്തെ കെപി ഗോസാവി ആര്യനൊപ്പം നിന്ന് എടുത്ത സെല്‍ഫി വലിയ വിവാദമായിരുന്നു. ഗോസാവിയും സമീര്‍ വാംഖഡെയും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് ഷാരൂഖില്‍ നിന്ന് 25 കോടി തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നാണ് പ്രഭാകര്‍ സലീല്‍ പറയുന്നു. റെയ്ഡ് നടക്കുമ്പോള്‍ ഗോസാവി ക്രൂയിസ് കപ്പലില്‍ ഉണ്ടായിരുന്നുവെന്നും പ്രഭാകര്‍ പറഞ്ഞു.












Click it and Unblock the Notifications