ജസ്നയെ പോലെ അമ്പരപ്പിച്ച് സൂര്യയും, ഫോണും എടിഎം കാർഡും എടുക്കാതെ വീട് വിട്ടിറങ്ങി, അപ്രത്യക്ഷം!
തിരുവനന്തപുരം: കേരളത്തെ അമ്പരപ്പിച്ച കേസാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനം. 2018 മാര്‍ച്ചിലാണ് ജസ്‌നയെ കാണാതാകുന്നത്. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതടക്കം അന്വേഷണ സംഘത്തിന് ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.
സമാനമായ സംഭവമാണ് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. സൂര്യ കൃഷ്ണ എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് ഓഗസ്റ്റ് 30നാണ്. അതിന് ശേഷം സൂര്യയെ കുറിച്ച് ഒരു വിവരവും വീട്ടുകാര്‍ക്കില്ല. സൂര്യ എങ്ങോട്ട് പോയി എന്നോ എന്തിന് പോയി എന്നോ ഒരു സൂചനയും ആർക്കുമില്ല. സൂര്യയെ കുറിച്ചുളള വിവരങ്ങൾ ലഭിക്കുന്നതിന് പോലീസ് എല്ലാ പത്രങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ...
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ആലത്തൂരില്‍ പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടേയും മൂത്ത മകളാണ് സൂര്യ കൃഷ്ണ. 21കാരിയായ സൂര്യ ഒന്നര മാസം മുന്‍പ് ഓഗസ്റ്റ് മുപ്പതാം തിയ്യതി രാവിലെ 11.15 ഓട് കൂടിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിന് മുന്‍പായി അച്ഛന്‍ രാധാകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താന്‍ ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ് എന്ന് രാധാകൃഷ്ണനോട് മകള്‍ പറഞ്ഞു. അച്ഛനോട് ബുക്ക് സ്റ്റാളിലേക്ക് ചെല്ലാനും സൂര്യ ആവശ്യപ്പെട്ടു.

മകള്‍ പറഞ്ഞത് പ്രകാരം രാധാകൃഷ്ണന്‍ ആലത്തൂരിലെ ബുക്ക് സ്റ്റാളില്‍ എത്തി. അവിടെ വളരെ നേരം സൂര്യയെ കാത്തിരുന്നു. എന്നാല്‍ സൂര്യ എത്തിയില്ല. മകളെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നപ്പോഴാണ് രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെ ആണ് സൂര്യ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് മനസ്സിലായി. മാത്രമല്ല എടിഎം കാര്‍ഡും സൂര്യ കയ്യില്‍ കരുതിയിട്ടില്ലെന്നും വ്യക്തമായി.

അതേസമയം വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സൂര്യ രണ്ട് ജോഡി വസ്ത്രം കയ്യില്‍ എടുത്തിട്ടുണ്ട്. സൂര്യയുടേത് എന്ന് കരുതുന്ന ഒരു സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. സൂര്യയെ കാണാതായ ഓഗസ്റ്റ് 30ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഭാഗത്തുളള സിസിടിവിയിലാണ് ഒരു പെണ്‍കുട്ടി നടന്ന് പോകുന്ന ദൃശ്യം പതിഞ്ഞിരിക്കുന്നത്. ബാഗ് ചുമലിലിട്ട് നടന്ന് പോകുന്ന ആ പെണ്‍കുട്ടി സൂര്യ ആണെന്നാണ് സംശയിക്കുന്നത്.

അതല്ലാതെ സൂര്യയെ കുറിച്ച് മറ്റൊരു സൂചനയും വീട്ടുകാര്‍ക്കോ പോലീസിനോ ഇല്ല. സൂര്യയുടെ ബന്ധുക്കളില്‍ ചിലര്‍ തമിഴ്‌നാട്ടില്‍ താമസിക്കുന്നുണ്ട്. പെണ്‍കുട്ടി ഇവിടേക്ക് പോയിരിക്കുമോ എന്നുളള സംശയത്തില്‍ ആലത്തൂര്‍ പോലീസ് തമിഴ്‌നാട്ടില്‍ ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോയി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സൂര്യ കൃഷ്ണ അവിടെയെങ്ങും എത്തിയിട്ടില്ലെന്ന് മനസ്സിലായി. ഗോവയിലും പോലീസ് സംഘം അന്വേഷണം നടത്തുകയുണ്ടായി.

ഗോവയില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി താമസിക്കണം എന്ന് സൂര്യ പലപ്പോഴായി ആഗ്രഹം പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ഈ സാധ്യത പരിശോധിക്കാനാണ് ആലത്തൂര്‍ പോലീസ് ഗോവയിലും പോയി അന്വേഷണം നടത്തിയത്. എന്നാല്‍ സൂര്യയെ കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ സാധിച്ചില്ല. പാലക്കാട് മെഴ്‌സി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ കൃഷ്ണ. പൊതുവേ ബന്ധുക്കളോടും സുഹൃത്തുക്കളോടും അയല്‍ക്കാരോടുമൊക്കെ അധികം അടുപ്പമില്ലാത്ത സ്വഭാവമായിരുന്നു സൂര്യയ്ക്ക് എന്ന് വീട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications