ചേച്ചി വഴി ഏതാണ്? മറുപടി പറയും മുമ്പേ മാലയും കവർന്ന് പായും, വളഞ്ഞിട്ട് പിടികൂടി പോലീസ്
പാലക്കാട്: ബൈക്കിലെത്തി മാല കവരുന്ന സംഘം പാലക്കാട് പിടിയിൽ. തിരുവനന്തപുരം സ്വദേശി അനസ്, താമരശ്ശേരി സ്വദേശി അനസ് എന്നിവരെയാണ് കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരിയിലെ ഫാമിന്റെ പരിസരത്ത് ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ.
ആദ്യം ബൈക്ക് കവരുന്നതാണ് പ്രതികളുടെ മോഷണ രീതി. പിന്നീട് ഇത് രൂപമാറ്റം വരുത്തി കവർച്ചയ്ക്ക് ഉപയോഗിക്കും. സ്ത്രീകളെ ലക്ഷ്യമിടുന്ന മോഷ്ടാക്കൾ വഴി ചോദിക്കാനെന്ന വ്യാജേനയാണ് അവരെ സമീപിക്കുന്നത്. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ മാലയും കവർന്ന് രക്ഷപ്പെടും. തേങ്കുറിശ്ശി പോത്തയംകാട് സ്വദേശിനി ഷിനിയുടെ മൂന്നര പവൻ മാല കവർന്ന കേസിലെ അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലായത്.

വീടിന് സമീപത്തെ പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ ബൈക്കിലെത്തിയ ഇരുവരും വഴി ചോദിക്കുകയായിരുന്നു. തുടർന്ന് മാലയും പൊട്ടിച്ച് ബൈക്കിൽ രക്ഷപെട്ടു. വിവരമറിഞ്ഞ കുഴൽമന്ദം പോലീസ് മാല മോഷ്ടാക്കളെ പിന്തുടർന്നതോടെയാണ് ഇരുവരും കുടുങ്ങിയത്. പോലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി ബൈക്ക് വഴിയിൽ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. അന്വേഷണത്തിനൊടുവിൽ പുതുശ്ശേരി ഭാഗത്തെ ഫാം ഹൗസിന് സമീപം കൃഷിയിടത്തിൽ ഒളിച്ചിരുന്ന മോഷ്ടാക്കളെ പോലീസ് കണ്ടെത്തി.
പോലീസ് സ്ഥലം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. മാല ഇവരില്‍നിന്ന് കണ്ടെടുത്തു. ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി.തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഇരുവർക്കുമെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന കവർച്ചയ്ക്ക് കേസുണ്ട്. സമീപ കാലത്തായി നിരവധി മാല മോഷണ കേസുകളാണ് പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികൾക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
വിവിധ കേസുകളിൽ പ്രതികളായിട്ടുള്ള ഇരുവരും ജയിൽ വാസത്തിനിടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് ബൈക്ക് മോഷണവും മാല കവർച്ചയും പതിവാക്കി മാറ്റുകയായിരുന്നു. മാല കവരുന്നതിനിടയിൽ ചെറുക്കുന്ന സ്ത്രീകളെ ആക്രമിച്ചാണ് പ്രതികൾ രക്ഷപ്പെടുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍മാരായ ആര്‍. ഗിരീഷ്, ദീപാകുമാര്‍, എസ്.ഐ.മാരായ ജി. ഗിരീഷ് കുമാര്‍, എ. ഉമ്മര്‍, സാംജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ












Click it and Unblock the Notifications