Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം

പാലക്കാട്: തൃത്താല എംഎൽഎയും സ്പീക്കറുമായ എംബി രാജേഷിന് മറുപടിയുമായി മുൻ എംഎൽഎ വിടി ബൽറാം. യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു കൊണ്ടുള്ള രാഷ്ട്രീയാരോപണങ്ങളാണ് തൃത്താല എംഎൽഎ ഉന്നയിക്കുന്നതെന്ന് വിടി ബൽറാം ആരോപിക്കുന്നു. അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് അപഹാസ്യമായ രാഷ്ട്രീയ പ്രചരണം ആവർത്തിക്കുകയാണ് എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

1

വിടി ബല്‍റാമിന്റെ കുറിപ്പ് വായിക്കാം: '' തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ജനപ്രതിനിധികൾ തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ നടന്നു വരുന്നതും പല കാരണങ്ങളാൽ തടസ്സം നേരിടുന്നതുമായ പദ്ധതികൾ വിലയിരുത്തുന്നതും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതും നല്ല കാര്യമാണ്. അതവരുടെ ഉത്തരവാദിത്തവുമാണ്. എന്നാൽ അതിൻ്റെ മറവിൽ അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് അപഹാസ്യമായ രാഷ്ട്രീയ പ്രചരണം നടത്തുന്നത് ആവർത്തിക്കപ്പെടുമ്പോൾ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് തൃത്താലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ തെരഞ്ഞെടുപ്പ് ഫലം വന്നതിൻ്റെ അടുത്ത ദിവസം പുറത്തിറക്കിയ കുറിപ്പോടു കൂടി അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.

2

പുതിയ ജനപ്രതിനിധിക്ക് താത്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് സഹായകരമായേക്കാവുന്ന തരത്തിൽ വിവിധ പദ്ധതികളുടെ തൽസ്ഥിതിയേക്കുറിച്ചും ആവശ്യമായ തുടർ ഇടപെടലുകളേക്കുറിച്ചും അതിൽ സൂചിപ്പിച്ചിരുന്നു. അതിനെ പോസിറ്റീവായി സ്വീകരിക്കണമോ ഏകപക്ഷീയമായി തളളിക്കളയണമോ എന്നതൊക്കെ പുതിയ ജനപ്രതിനിധിയുടെ വിവേകത്തിനും ജനാധിപത്യ ബോധത്തിനും വിട്ടുനൽകുക എന്നതേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. നിർമ്മാണം വലിയ രീതിയിൽ മുന്നോട്ടുപോയ കൂട്ടക്കടവ് റഗുലേറ്ററിൻ്റെ പേരിൽ നിരവധി ആക്ഷേപങ്ങളായിരുന്നു സിപിഎം തെരഞ്ഞെടുപ്പ് കാലത്തുയർത്തിയിരുന്നത്. റഗുലേറ്റർ എന്നത് അനാവശ്യ പദ്ധതിയാണെന്നായിരുന്നു അവരുടെ വാദം.

3

റഗുലേറ്റർ പദ്ധതി ഉപേക്ഷിക്കുകയോ വെറുമൊരു തടയണയാക്കി മാറ്റുകയോ ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് ശേഷവും പുതിയ ജനപ്രതിനിധി ഒരു ഓൺലൈൻ ചർച്ചയിൽ നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് പദ്ധതിയുടെ വിശദംശങ്ങളറിഞ്ഞപ്പോഴാകണം അദ്ദേഹം നിലപാട് തിരുത്തുകയും നിലവിലെ രീതിയിൽത്തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം ജനപ്രതിനിധികളുടെ മീറ്റിംഗിൽ അറിയിക്കുകയും ചെയ്തു. ഈ നിലപാടു മാറ്റം സ്വാഗതാർഹമാണ്. എന്നാൽ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാതെ പ്രാദേശിക സിപിഎമ്മുകാരുടെ വാക്കും കേട്ട് ചാടിപ്പുറപ്പെട്ടാൽ ഇതുപോലുള്ള അബദ്ധങ്ങൾ ഇനിയുമാവർത്തിക്കപ്പെട്ടേക്കാം.

4

കേരള നിയമസഭയുടെ സ്പീക്കർ കൂടിയായ തൃത്താല എംഎൽഎ ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ഓഫീസിൽ വിളിച്ചു ചേർത്ത ഒരു വിലയിരുത്തൽ യോഗത്തിന് ശേഷം പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പിലും യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു കൊണ്ടുള്ള രാഷ്ട്രീയാരോപണങ്ങളാണ് മേൽക്കൈ നേടിയിരിക്കുന്നത്. തൃത്താലയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികളിൽ മഹാഭൂരിപക്ഷവും കഴിഞ്ഞ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച പദ്ധതികളാണെന്നും അതിനു കാരണം അന്നത്തെ എംഎൽഎ വേണ്ടത്ര ഫോളോഅപ് നടത്താത്തതാണെന്നുമാണ് അദ്ദേഹത്തിൻ്റെ ആരോപണങ്ങളുടെ ആകത്തുക.

5

കഴിഞ്ഞ അഞ്ച് വർഷം തൃത്താലയിൽ പ്രധാനമായും നടന്നിട്ടുള്ളത് എംഎൽഎയുടെ മുൻകൈയിലുള്ള പദ്ധതികളാണെന്നും സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളാണ് പലതും ആരംഭിക്കാൻ പോലും കഴിയാതെ നിൽക്കുന്നതെന്നുമുള്ള യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ ബാലിശമായ ഈ അക്ഷേപങ്ങൾ. ഏതായാലും ഗോഖലെ സ്ക്കൂളിലെ എംഎൽഎ ഫണ്ട് കെട്ടിടം പണി പൂർത്തീകരിക്കാത്തതിൽ ആശങ്കപ്പെടുന്നത് കഴിഞ്ഞാൽ അതേ സ്ക്കൂളിൽ കിഫ്ബി വഴി 2017ൽ പ്രഖ്യാപിച്ച 3 കോടിയുടെ കെട്ടിടം പണി എന്തുകൊണ്ടാണ് സർക്കാർ ഇതുവരെ ആരംഭിക്കാത്തത് എന്നത് കൂടി ചിന്തിക്കുന്നത് നല്ലതാണ്.

6

അക്കാര്യത്തിലും ഫോളോഅപ് ചെയ്തില്ലെന്ന് പറഞ്ഞ് കുറ്റം അന്നത്തെ എംഎൽഎയുടെ തലയിലിടണ്ട, പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ഏതാണ്ട് 30 ഓളം സ്ക്കൂളുകളിലാണ് ഇങ്ങനെ കിഫ്ബി പദ്ധതികൾ മുടങ്ങിക്കിടക്കുന്നത്, അതിൽ മിക്കതും അന്നും ഇന്നും എൽഡിഎഫ് എംഎൽഎമാരുടേതാണ്. പേര് എംഎൽഎ ഫണ്ട് എന്നാണെങ്കിലും പദ്ധതികൾ അനുവദിക്കുക എന്നതാണ് ജനപ്രതിനിധികൾക്ക് ചെയ്യാനാവുക എന്നതും പിന്നീടതിൻ്റെ നിർവ്വഹണം സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്നുമുള്ള പ്രാഥമിക കാര്യം പത്ത് വർഷം പാർലമെൻറംഗമായിരുന്ന ഒരാൾക്കറിയാത്തതാവില്ല. പ്രാദേശിക സർക്കാരുകളായ പഞ്ചായത്തുകളുടെ സഹകരണവും പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് അനിവാര്യമാണ്.

7

കഴിഞ്ഞ 5 വർഷം സംസ്ഥാനം ഭരിച്ച എൽഡിഎഫ് സർക്കാരിൻ്റെ പിടിപ്പുകേടും നിഷേധാത്മക സമീപനവും തൃത്താലയിൽ 8ൽ ഏഴ് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഭരിച്ച സിപിഎം അക്കാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ നടത്തിയ എംഎൽഎയോടുള്ള ബഹിഷ്ക്കരണവും ഈ വികസന സ്തംഭനത്തിന് എങ്ങനെയെല്ലാം കാരണമായിട്ടുണ്ടെന്നത് അറിയാവുന്ന കുറച്ചാളുകളെങ്കിലും ഇന്നും ഈ നാട്ടിലുണ്ടെന്നത് മറക്കരുത്. നിർവ്വഹണ ഏജൻസികൾക്കും കോൺട്രാക്ടർമാർക്കും അവർ ഘട്ടം ഘട്ടമായി പണി പൂർത്തീകരിച്ച് ബിൽ സമർപ്പിക്കുന്ന മുറക്ക് ട്രഷറി വഴി പണം നൽകുക എന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇങ്ങനെ സമയാസമയം പാർട്ട് ബിൽ മാറിക്കൊടുത്താൽ മാത്രമേ അടുത്തഘട്ടം പണി മുന്നോട്ടു പോകുകയുള്ളൂ എന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയേണ്ടതാണ്.

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

8

എന്നാൽ കഴിഞ്ഞ അഞ്ച് വർഷവും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് പിണറായി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായത്. ധനകാര്യ മിസ്മാനേജ്മെൻറും ട്രഷറി നിയന്ത്രണങ്ങളും പണം കിട്ടാത്ത കോൺട്രാക്ടർമാരുടെ സമരങ്ങളുമെല്ലാം അഞ്ച് വർഷവും തുടർക്കഥയായിരുന്നു. അതൊന്നും തൃത്താലയിലെ പ്രവൃത്തികളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ല. എന്നാൽ ഈ വിഷയം എത്രയോ തവണ കണക്കുകൾ സഹിതം നിയമസഭയിലും സർക്കാരിന് മുന്നിലും അവതരിപ്പിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചവരുടെ കൂട്ടത്തിൽ അന്നത്തെ തൃത്താല എംഎൽഎ എന്നും മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അതിൻ്റെയൊക്കെ ഔദ്യോഗികമായ നിയമസഭാ രേഖകൾ ഇപ്പോഴത്തെ സഭാധ്യക്ഷന് സമയം പോലെ പരിശോധിക്കാവുന്നതേയുള്ളൂ. തിരുവനന്തപുരത്തും പാലക്കാട് കളക്ടറേറ്റിലും മണ്ഡലത്തിലുമായി നിരവധി റിവ്യൂ മീറ്റിംഗുകളും അക്കാലത്തുടനീളം നടന്നിട്ടുണ്ട്.

9

ഏതായാലും സർക്കാരിൻ്റെ പിടിപ്പുകേടിനെ വിമർശിക്കാൻ ധൈര്യമില്ലാത്തതിൻ്റെ പേരിൽ അന്നത്തെ പ്രതിപക്ഷ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട് ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ ഹാബിറ്റാറ്റിന് തൃത്താലയിലെ ചില വർക്കുകൾ നൽകപ്പെട്ടിരുന്നു. എന്നാൽ സർക്കാർ സമയബന്ധിതമായി പണം നൽകാതിരിക്കുന്നത് മൂലം കേരളത്തിലെമ്പാടുമെന്ന പോലെ ഇവിടെയും ചില പ്രവൃത്തികൾ കാലതാമസം നേരിടുന്നുണ്ട്. ഹാബിറ്റാറ്റിൻ്റെ തലവൻ പത്മശ്രീ ആർക്കിടെക്റ്റ് ശങ്കർ തന്നെ ഒരിക്കൽ ഫേസ്ബുക്ക് ലൈവിൽ വന്ന് തനിക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ള കോടിക്കണക്കിന് രൂപയുടെ പേരിൽ പരസ്യമായി വിലപിച്ചത് കേരളം മറന്നിട്ടില്ല. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയാണല്ലോ അദ്ദേഹം.

10

താനടക്കം ഒരു പക്ഷേ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് സർക്കാരിൽ നിന്ന് കിട്ടാനുള്ള 32 കോടിയോളം രൂപയുടെ കണക്കാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിൽ നാല് കോടിയോളം മാത്രമാണ് തൃത്താലയിലെ വർക്കുകളുമായി ബന്ധപ്പെട്ടത്. ബാക്കിയൊക്കെ സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലുമുള്ള വർക്കുകളുടേതായിരുന്നു. ആ പണമൊക്കെ സർക്കാർ അദ്ദേഹത്തിന് നൽകാത്തത് അന്ന് തൃത്താല എംഎൽഎയായിരുന്നയാളുടെ പിടിപ്പുകേട് മൂലമാണെന്ന് ആരെങ്കിലും വാദിച്ചുകളയുമോ ആവോ! വരട്ടിപ്പള്ള്യാൽ അംഗൻവാടി കെട്ടിടത്തിൻ്റെ കാര്യവും എടുത്തു പറയുന്നുണ്ട്. എന്നാൽ ഇതിൻ്റെ യാഥാർത്ഥ്യമെന്താണ്? ഇതോടൊപ്പം അനുവദിക്കപ്പെട്ട ചേക്കോട് അംഗൻവാടിക്ക് മനോഹരമായ കെട്ടിടം പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ വരട്ടിപ്പള്ള്യാലിൽ നിലവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിത്തരാതെ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി രണ്ട് വർഷത്തോളമാണ് കാലതാമസം വരുത്തിയത്.

11

ഒരു ഔദ്യോഗിക മീറ്റിംഗ് വിളിച്ചാൽ പോലും പങ്കെടുക്കാൻ തയ്യാറാകാത്ത രീതിയിലായിരുന്നല്ലോ സിപിഎം ഭരണ സമിതികളുടെ അന്നത്തെ എംഎൽഎ ബഹിഷ്ക്കരണം! ഒടുവിൽ പഞ്ചായത്ത് ഭരണം മാറി യുഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷമാണ് ആദ്യമായി അതിൻ്റെ നടപടികൾ തുടങ്ങി വയ്ക്കാനായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പൊളിച്ച് നീക്കാനുള്ള ടെണ്ടർ നടപടികൾ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഈ നാലര മാസത്തിനുള്ളിൽ അക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന കാര്യം എനിക്കന്വേഷിക്കാൻ കഴിഞ്ഞിട്ടില്ല. സ്പീക്കറിടപെട്ട് നടപടികൾ വേഗത്തിലാക്കുന്നതിൽ സന്തോഷമേയുള്ളൂ, വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ സഹകരിക്കുന്ന ഒരു പഞ്ചായത്ത് ഭരണമാണ് ഇന്ന് ആനക്കരയിലുള്ളത്.

12

2011 മുതൽ 2021 വരെയുള്ള പത്ത് വർഷങ്ങൾ എൻ്റെ വ്യക്തി, രാഷ്ട്രീയ ജീവിതത്തിലേയും തൃത്താലയുടെ വികസന ചരിത്രത്തിലേയും ഒരു കാലഘട്ടം എന്ന നിലയിൽ കഴിഞ്ഞു പോയതാണ്. അവിടെ നിന്ന് നാടിനെ തുടർന്ന് നയിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഇന്ന് മറ്റൊരാളെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ പൂർണ്ണമായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശികമായ ചെറിയ വിഷയങ്ങളെച്ചൊല്ലിയുള്ള തർക്കവിതർക്കങ്ങൾക്ക് ഒട്ടും താത്പര്യമില്ല. ഏതായാലും ഒരു പ്രതിപക്ഷ എംഎൽഎ എന്ന നിലയിലുള്ള പരിമിതികളില്ലാതെ, മന്ത്രിമാരെ വരെ സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തി മീറ്റിംഗ് നടത്താനും വികസന പദ്ധതികൾ നേടിയെടുക്കാനും കഴിയുന്ന ഉന്നതമായ ഭരണഘടനാ പദവി കയ്യാളുന്നവർക്ക് ആ സാധ്യതകൾ നാടിന് വേണ്ടി മാന്യമായി ഉപയോഗിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+